പശ്ചിമ ബംഗാളിൽ രണ്ട് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ രാജ്യത്ത് കനത്ത ജാഗ്രത. എന്നാൽ വൈറസ് വ്യാപന സാധ്യത കുറവാണെന്നും ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്കോ വ്യാപാരത്തിനോ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന (WHO) വ്യക്തമാക്കി. രോഗവ്യാപനം തടയാൻ കേന്ദ്ര-സംസ്ഥാന ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാണെന്നും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് അതിവേഗം പടരുന്നതിന് നിലവിൽ തെളിവുകളില്ലെന്നും ഡബ്ല്യുഎച്ച്ഒ പ്രസ്താവനയിൽ അറിയിച്ചു.
2025 ഡിസംബർ അവസാന വാരത്തോടെയാണ് പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള സ്വകാര്യ ആശുപത്രിയിലെ രണ്ട് നഴ്സുമാർക്ക് നിപ സ്ഥിരീകരിച്ചത്. 25 വയസ്സുള്ള പുരുഷനും സ്ത്രീക്കുമാണ് രോഗം ബാധിച്ചത്. ഡിസംബർ അവസാന വാരത്തോടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇവരെ ജനുവരി ആദ്യവാരത്തിൽ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. നിലവിൽ പുരുഷ നഴ്സ് സുഖം പ്രാപിച്ചുവരികയാണെന്നും എന്നാൽ യുവതിയുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബംഗാളിലെ കല്യാണിയിലുള്ള സർക്കാർ ലാബിലും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലുമാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നിപ കേസുകളെക്കുറിച്ച് മാദ്ധ്യമങ്ങളിലും സോഷ്യൽമീഡിയകളിലും പ്രചരിക്കുന്ന ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
നിലവിൽ വെസ്റ്റ് ബംഗാളിൽ രണ്ട് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹോങ്കോങ്, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ കോവിഡ് മോഡൽ ആരോഗ്യ പരിശോധനകൾ വീണ്ടും ആരംഭിച്ച പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഈ ആശ്വാസകരമായ പ്രഖ്യാപനം പുറത്തുവരുന്നത്. പഴംതീനി വവ്വാലുകളിൽ നിന്നാണ് നിപ പകരുന്നത്. രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ വൈറസ് കലർന്ന ഭക്ഷണത്തിലൂടെയോ രോഗം പകരാം. ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരത്തെ നിപയെ ഫലപ്രദമായി നേരിട്ടിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഇത് മൂന്നാം തവണയാണ് നിപ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ 2001 ലും 2007 ലും അതിർത്തി ജില്ലകളിൽ നിപ സ്ഥിരീകരിച്ചിരുന്നു.












Discussion about this post