ഇന്ത്യയുടെ സാംസ്കാരിക പൈതൃകവും ആത്മീയതയും വിളിച്ചോതുന്ന മൂന്ന് പുരാതന വെങ്കല വിഗ്രഹങ്ങൾ തിരികെ നൽകാൻ അമേരിക്കയിലെ പ്രശസ്തമായ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ തീരുമാനിച്ചു. വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടിന്റെ ശേഖരത്തിലുള്ള പത്താം നൂറ്റാണ്ടിലെ വിശ്വപ്രസിദ്ധമായ ‘ശിവ നടരാജ’ വിഗ്രഹം ഉൾപ്പെടെയുള്ളവയാണ് ഇന്ത്യയ്ക്ക് കൈമാറുന്നത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽനിന്ന് നിയമവിരുദ്ധമായി കടത്തിയതാണെന്ന് ശാസ്ത്രീയമായ അന്വേഷണത്തിൽ തെളിഞ്ഞതിനെത്തുടർന്നാണ് മ്യൂസിയം അധികൃതരുടെ ഈ ചരിത്രപരമായ തീരുമാനം.
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലുള്ള ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിൽനിന്ന് മോഷ്ടിക്കപ്പെട്ടതാണ് പത്താം നൂറ്റാണ്ടിലെ ചോള കാലഘട്ടത്തിലുള്ള ശിവ നടരാജ വിഗ്രഹമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1957-ൽ ഈ വിഗ്രഹം ക്ഷേത്രത്തിൽ ഉണ്ടായിരുന്നതിന്റെ ഫോട്ടോ തെളിവുകൾ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ആർക്കൈവ്സിൽ നിന്ന് ലഭിച്ചു. ഇതിനു പുറമെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘സോമസ്‌കന്ദ’ വിഗ്രഹവും, പതിനാറാം നൂറ്റാണ്ടിലെ വിജയനഗര കാലഘട്ടത്തിൽ നിർമ്മിച്ച ‘സുന്ദരമൂർത്തി നായനാരും പറവൈ നാച്ചിയാരും’ ഒന്നിച്ചുള്ള വിഗ്രഹവുമാണ് തിരികെ നൽകുന്നത്. ഇവ യഥാക്രമം അലാത്തൂരിലെ വിശ്വനാഥ ക്ഷേത്രത്തിൽനിന്നും വീരശോഴപുരത്തെ ശിവക്ഷേത്രത്തിൽനിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കണ്ടെത്തി.
ഭാരതീയ പൈതൃകത്തോടുള്ള ആദരസൂചകമായി, തിരികെ നൽകുന്ന വിഗ്രഹങ്ങളിൽ ഒന്നായ ശിവ നടരാജ വിഗ്രഹം ദീർഘകാലാടിസ്ഥാനത്തിൽ മ്യൂസിയത്തിൽ തന്നെ പ്രദർശിപ്പിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ വിഗ്രഹം എങ്ങനെ മോഷ്ടിക്കപ്പെട്ടു എന്നും ഭാരതത്തിലേക്ക് എങ്ങനെ തിരിച്ചെത്തി എന്നുമുള്ള പൂർണ്ണമായ ചരിത്രം പ്രദർശനത്തോടൊപ്പം വിവരിക്കുമെന്ന് മ്യൂസിയം ഡയറക്ടർ ചേസ് റോബിൻസൺ വ്യക്തമാക്കി. മോദി സർക്കാരിന്റെ ശക്തമായ നയതന്ത്ര ഇടപെടലുകൾ വഴി വിദേശ രാജ്യങ്ങളിൽ നിന്ന് ഭാരതത്തിന്റെ പുരാവസ്തുക്കൾ തിരികെ എത്തിക്കുന്ന ‘ഹെറിറ്റേജ് റെസ്റ്റോറേഷൻ’ പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.











Discussion about this post