പ്രശസ്ത സംഗീതജ്ഞനായ വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) തന്റെ ഗുരുവിന്റെ ആവശ്യപ്രകാരം താൻ പഠിച്ചിരുന്ന കോളേജിലെ കുട്ടികളെ ഒരു മത്സരത്തിന് തയാറാക്കാനായി വരുന്നു. എന്നാൽ അവിടെ അയാളെ അവരോടൊപ്പം ഒരു അദൃശ്യ ശക്തി വരവേൽക്കുന്നു. അയാളോട് ആരോ എന്തോ പറയാൻ ശ്രമിക്കുന്നു. ആ നിഗൂഢ സാന്നിധ്യം വിശാലിന്റെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ തുടങ്ങുന്നു.
ആർക്കും വഴങ്ങാത്ത, ആരും തൊടാത്ത ‘സെവൻ ബെൽസ്’ എന്ന അപൂർവ്വ വാദ്യം രാത്രിയുടെ അന്ത്യയാമങ്ങളിൽ തനിയെ സംഗീതം പൊഴിക്കുന്നു. ആ സംഗീതത്തിന് അലീന (ജയപ്രദ) എന്ന സ്ത്രീയുടെ തേങ്ങലിന്റെയും മഹേശ്വർ (വിനീത് കുമാർ) എന്ന അന്ധഗായകന്റെ തീരാപ്രണയത്തിന്റെയും ഗന്ധമായിരുന്നു. അലീനയെ തേടി വന്ന ദേവദൂതൻ ആരാണ്? അവർക്കിടയിൽ വിധി തടസ്സമായത് എങ്ങനെ? വിശാൽ തന്റെ സംഗീതത്തിലൂടെ ആ ദുരൂഹതയുടെ മൂടുപടം ഓരോന്നായി നീക്കുന്നു. ആ സത്യങ്ങൾ അലീന അറിയുന്നതാണ് ദേവദൂതൻ എന്ന സിബി മലയിൽ പറയുന്ന കഥ.
കാലം തെറ്റിയിറങ്ങിയ ക്ലാസിക്ക് എന്ന വിശേഷിപ്പിക്കാവുന്ന ചിത്രം അന്ന് തിയേറ്ററിൽ വിജയം നേടിയില്ലെങ്കിലും പിൽക്കാലത്ത് ഏറെ പ്രശംസ നേടുകയും റി റിലീസിൽ അടക്കം വമ്പൻ വിജയമാകുകയും ചെയ്തു. സിനിമ കാണാത്ത ആളുകൾ ഉണ്ടെങ്കിൽ ഇനി പറയുന്ന കാര്യം ചിലപ്പോൾ നിങ്ങൾക്ക് ഒരു സ്‌പോയ്‌ലറായി തോന്നിയേക്കാം. സിനിമയിലെ പ്രധാന ഭാഗത്ത് കാണുന്ന പല സീനുകളും നമ്മളോട് പറഞ്ഞ് തന്ന കഥകൾ, സംഗീതത്തിന്റെ രൂപത്തിൽ മഹേശ്വർ വിശാലിനെ അറിയിക്കാൻ ശ്രമിക്കുന്ന സത്യങ്ങൾ ആണെങ്കിൽ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ വിശാലിന്റെ വഴി മുടക്കാൻ ആൽബർട്ടോ എന്ന മുരളി അവതരിപ്പിച്ച കുതിരക്കാരൻ കഥാപാത്രം എത്തുന്നുണ്ട്.
അലീനയുടെ അച്ഛന്റെ കുതിരക്കാരനായിരുന്ന ആൽബർട്ടോ ആയിരുന്നു മഹേശ്വറിന്റെ കൈ വെട്ടി മാറ്റിയതും മുതലാളിയുടെ നിർദേശപ്രകാരം പട്ടിയുടെ സഹായത്തിൽ അയാളെ കൊന്നതും. എന്നാൽ മഹേശ്വറിനെ സ്നേഹിച്ച അവരുടെ തന്നെ കുതിര അതിനുള്ള പണി അയാൾക്ക് കൊടുക്കണതും ചിത്രത്തിൽ കാണാം. മോഹൻലാൽ കഥാപാത്രം രഹസ്യങ്ങൾ കണ്ട് പിടിച്ചാൽ താൻ കുടുങ്ങും എന്ന് മനസിലാക്കിയ ആൽബർട്ടോ അയാളെ ആ നാട്ടിൽ നിന്ന് ഓടിക്കാൻ ശ്രമിക്കുന്നുണ്ട്. ആ സമയത്ത് നിങ്ങൾ ആൽബർട്ടോയെ ശ്രദ്ധിച്ചാൽ അയാളുടെ ദേഹത്ത് രക്ഷകൾ കിടക്കുന്നത് കാണാം. എന്നാൽ ആ രക്ഷകൾ സിനിമയിലെ ഒരു തടസമായിട്ടാണ് കാണിക്കുന്നത്.
വിശാലുമായിട്ടുള്ള ഫൈറ്റിന്റെ ഇടയിൽ അയാളുടെ രക്ഷ മോഹൻലാൽ കഥാപാത്രം പൊട്ടിച്ചുമാറ്റുന്നതോടെ അതുവരെ ആൽബർട്ടോ കാണിച്ച ആ അസാധാരണ ശക്തി പോകുന്നു. താൻ ചെയ്ത തെറ്റുകൾ ഏറ്റുപറയാനും, യജമാനനെ കുറ്റപ്പെടുത്താനും അയാൾ തയ്യാറാവുന്നു. ആ രക്ഷ എന്ന് പറയുന്നത് അലീനയുടെ അച്ഛൻ ഒരിക്കലും മകൾ അറിയരുത് എന്ന് ആഗ്രഹിക്കുന്ന രഹസ്യമാണ്. ചുരുക്കി പറഞ്ഞാൽ അയാൾ തന്നെയാണ് ആ രക്ഷ.
അത് അയാളെ പിന്നീടും നിയന്ത്രിച്ചുകൊണ്ട് തന്നെ ഇരിക്കുന്നു. അയാളെ നിയന്ത്രിക്കുന്നത് മുതലാളി തന്നെയാണ് എന്ന് കാണിക്കുന്ന രംഗങ്ങൾ സിനിമയിൽ പല സ്ഥലങ്ങളിൽ നമുക്ക് കാണാം. അച്ഛൻ വില്ല്യം എപ്പോഴും മകൾക്ക് കാവലായി ഉണ്ട് എന്നാണ് ആൽബർട്ടോ അർത്ഥമാക്കുന്നത്. അതിനാലാണ് മഹേശ്വരന് അലീനയുമായി സംവദിക്കാൻ കഴിയാത്തത്. അപ്പോൾ ഇത് മറികടക്കാൻ ഒരു മനുഷ്യസഹായം മഹേശ്വരന് വേണം. വില്യമിൻ്റെ ആൽബർട്ടോക്ക് പകരം മഹേശ്വരന് വേണ്ടി ഒരു മനുഷ്യൻ. അതിനയാൾ തെരഞ്ഞെടുത്തത് വിശാൽ കൃഷണമൂർത്തിയേയാണ്.
എന്തുകൊണ്ട്? കല ദൈവദത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. പ്രത്യേകിച്ച് മ്യൂസിക്. തന്റെ ഒപ്പം കഴിവ് ഉണ്ടെന്ന് മഹ്‌വെശ്വർ വിശ്വസിക്കുന്ന വിശാൽ കോളേജിൽ വരുമ്പോൾ മുതൽ അയാളുടെ ആത്മാവ് സന്തോഷിക്കുന്നതും ചാനല തുറന്ന് അയാളെ സ്വാഗതം ചെയ്യുന്നതും കാണാം. തനിക്ക് പറയാനുള്ളത് എല്ലാം ഇനി വിശാൽ വേണം അലീനയെ പറഞ്ഞ് മനസിലാക്കാൻ എന്ന് തന്നെയാണ് അയാൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സംഗീതം അയാൾ അതിനുള്ള മാർഗമായി ഉപയോഗിക്കുന്നത്.
എന്തായാലും ആ രക്ഷ പൊട്ടുന്നതോടെ ആൽബർട്ടോ സാധാരണ മനുഷ്യനായി മാറി. അയാൾ സത്യങ്ങൾ പറയുന്നതോടെ തടസങ്ങൾ നീങ്ങി മഹേശ്വർ സന്തോഷിക്കുന്നു. വിശാൽ കാര്യങ്ങൾ പറയാതെ തന്നെ അലീനയുമായി മഹേശ്വർ സംവദിക്കുന്നു. അവസാനം അവർ ഒരുമിച്ച് അനന്തതയിലേക്ക് ചിറകടിച്ചുയരുന്നു.











Discussion about this post