എണ്ണ ഇറക്കുമതി വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കി റഷ്യ. ഏത് രാജ്യത്ത് നിന്ന് എണ്ണ വാങ്ങണം എന്നത് ഇന്ത്യയുടെ പരമാധികാരമാണെന്നും, തങ്ങൾ ഇപ്പോഴും ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുന്നത് സംബന്ധിച്ച് ഔദ്യോഗികമായ യാതൊരു അറിയിപ്പും ഭാരതത്തിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുമായുള്ള വ്യാപാര കരാർ പ്രഖ്യാപിച്ചുകൊണ്ട് ട്രംപ് വിവാദപരമായ പ്രസ്താവനയും നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചതായും പകരം അമേരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പകരമായി ഭാരതീയ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ, ട്രംപിന്റെ ഈ അവകാശവാദങ്ങളെ പൂർണ്ണമായും ശരിവെക്കുന്ന പ്രസ്താവനകളൊന്നും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല .
ഇന്ത്യ എക്കാലത്തും ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് ഏതെങ്കിലും ഒരു രാജ്യത്തിന് എതിരല്ലെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ വ്യക്തമാക്കിയിരുന്നു. റഷ്യൻ എണ്ണ പൂർണ്ണമായും ഒഴിവാക്കുന്നത് ഇന്ത്യയിലെ റിഫൈനറികൾക്ക് പ്രായോഗികമല്ലെന്നാണ് ഊർജ്ജ വിദഗ്ധരുടെ വിലയിരുത്തൽ. റഷ്യ നൽകുന്ന ഗുണമേന്മയുള്ള ‘യുറാൽസ്’ ക്രൂഡ് ഓയിൽ ശുദ്ധീകരിക്കാൻ പാകത്തിലാണ് ഭാരതത്തിലെ ഭൂരിഭാഗം പ്ലാന്റുകളും സജ്ജീകരിച്ചിരിക്കുന്നത്.









