നാളെ (ഫെബ്രുവരി 7) ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുൻപ് ഇന്ത്യൻ ടീമിന്റെ ശക്തിദൗർബല്യങ്ങൾ വിശകലനം ചെയ്ത് ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ടീം ഇന്ത്യക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചത്.
ലോകകപ്പിൽ ആദ്യം ബാറ്റ് ചെയ്ത് വലിയ സ്കോർ നേടിയാലും, രാത്രിയിലെ മഞ്ഞുവീഴ്ച ഇന്ത്യക്ക് വിനയായേക്കാമെന്ന് ചോപ്ര നിരീക്ഷിക്കുന്നു. “മഞ്ഞുവീഴ്ചയുള്ള സമയത്ത് പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർക്ക് പ്രയാസമായിരിക്കും. ഇത് 220 റൺസ് നേടിയാൽ പോലും പ്രതിരോധിക്കുന്നത് ബുദ്ധിമുട്ടാക്കും. 2016 ലോകകപ്പ് സെമിയിൽ വാംഖഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യ തോറ്റത് ഇതേ സാഹചര്യത്തിലായിരുന്നു. ഇത്തവണയും സെമി ഫൈനൽ വാംഖഡെയിൽ തന്നെയാണ് എന്നത് ഇന്ത്യക്ക് ആശങ്ക നൽകുന്ന കാര്യമാണ്,” അദ്ദേഹം പറഞ്ഞു.
ടീമിലെ ബാറ്റിംഗ് ബാക്കപ്പിനെക്കുറിച്ചും ചോപ്ര തന്റെ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ടീമിന് പുറത്തുള്ള ഒരേയൊരു ബാറ്റർ സഞ്ജു സാംസണാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സഞ്ജു ഇപ്പോൾ മികച്ച ഫോമിലല്ല. ലോകകപ്പിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഒരു പകരക്കാരനെ ആവശ്യമായി വന്നാൽ, ഫോമിലല്ലാത്ത ഒരു ബാറ്ററെ കളിപ്പിക്കേണ്ടി വരുന്നത് ടീമിന് ബലഹീനതയായേക്കാം,” ചോപ്ര നിരീക്ഷിച്ചു. ന്യൂസിലൻഡ് പരമ്പരയിൽ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് വെറും 46 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.
ഇന്ത്യൻ ബാറ്റർമാരുടെ അമിത ആക്രമണ ശൈലിയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. “എല്ലാവരും തുടക്കം മുതൽ അടിച്ചുതകർക്കാൻ ശ്രമിക്കുമ്പോൾ പെട്ടെന്ന് വിക്കറ്റുകൾ വീഴാനുള്ള സാധ്യതയുണ്ട്. വാനോളം ഉയരാനും തകർന്നു വീഴാനും സാധ്യതയുള്ള ഈ ശൈലി ചില ദിവസങ്ങളിൽ തിരിച്ചടിയായേക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും നിലവിൽ ഇന്ത്യൻ ടീമിന് പറയത്തക്ക വലിയ പോരായ്മകൾ ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












