ദുബായ്: ഷാര്‍ജ ടിവിയുടെ അറബി സംഗീത റിയാലിറ്റിഷോയില്‍ മലയാളി പെണ്‍കുട്ടിക്ക് കിരീടം. മത്സരത്തില്‍ പങ്കെടുത്ത അറബിയല്ലാത്ത ഏക മത്സരാര്‍ത്ഥിയായ മീനാക്ഷിയാണ് ശ്രദ്ധേയമായ ഈ അംഗീകാരം കരസ്ഥമാക്കിയത്.
എറണാകുളം സ്വദേശിയുടെ മകള്‍ മീനാക്ഷി എന്ന ഏഴാം കല്സ്സുകാരിയാണ്. ഫൈനലില്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ: സുല്‍ത്താന്‍ ബിന്‍ മുഹമ്മദില്‍ നിന്നും മീനാക്ഷി ഉപഹാരവും വിജയകിരീടവും സ്വീകരിച്ചു. സമ്മാനത്തുക പുറത്തുവിട്ടിട്ടില്ല. അറബി സംഗീതാലാപാന മികവ് ആയിരുന്നു മീനാക്ഷിയെ വിജയിയാക്കിയത്.ഷാര്‍ജ ജെംസ് മില്ലനിയം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മീനാക്ഷി അറബ് സംഗീത പരിപാടിയായ മുന്‍ഷിദ് ഷാര്‍ജയുടെ എട്ടാം സീസണിലാണ് വിജയം കുറിച്ചത്. ഷാര്‍ജാ ടിവി കുട്ടികള്‍ക്കായി ഒരുക്കിയ സംഗീത റിയാലിറ്റി ഷോയാണ് ഇത്. 91 രാജ്യങ്ങളില്‍ നിന്നായി 1,14,251 പേര് മീനാക്ഷിക്ക് വോട്ട് ചെയ്തു. ഫൈനലില്‍ എത്തിയ അറബ് വംശജരായ ഏഴുപേരെ മറികടന്നായിരുന്നു മീനാക്ഷിയുടെ നേട്ടം.
ആദ്യ റൗണ്ടില്‍ നാന്നൂറ് പേരും അവസാന റൗണ്ടില്‍ മീനാക്ഷിയടക്കം എട്ട് ഗായകരും മാറ്റുരച്ചു. ആലാപന മികവിനൊപ്പം പ്രേക്ഷകരുടെ വോട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ജേതാവിനെ നിശ്ചയിച്ചത്. പ്രേക്ഷകരുടെ വോട്ടുകള്‍ ഏറെയും നേടിയാണ് മീനാക്ഷി ഒന്നാമത് എത്തിയത്.
Discussion about this post