കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തി ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നലെ പുറത്തിറങ്ങിയിരുന്നു. പ്രമുഖ നേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെട്ട പട്ടിക പുറത്തുവന്നതോടെ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലെ വരാനിരിക്കുന്ന പ്രഖ്യാപനങ്ങളിലേക്കാണ്.
39 പേരുടെ പട്ടികയാണ് ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ പുറത്തുവിട്ടത്. ഇതോടെ ആകെയുള്ള 140 മണ്ഡലങ്ങളിൽ 86 ഇടങ്ങളിൽ ബിജെപി സ്ഥാനാർത്ഥി ചിത്രം വ്യക്തമായി. തിരുവനന്തപുരം സെൻട്രൽ, മാവേലിക്കര ഉൾപ്പെടെയുള്ള പത്തോളം നിർണ്ണായക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ബിജെപി ഇനി പ്രഖ്യാപിക്കാനുണ്ട്. തിരുവനന്തപുരത്ത് യുഡിഎഫിനായി സി.പി. ജോൺ (സിഎംപി) മത്സരിക്കുമ്പോൾ, ഇടത് സ്ഥാനാർത്ഥിയെ ഇന്ന് നിശ്ചയിക്കും. ജനാധിപത്യ കേരള കോൺഗ്രസിനോട് പൊതുസമ്മതനായ ഒരാളെ കണ്ടെത്താൻ സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി കൂടി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതോടെ തലസ്ഥാനത്ത് ത്രികോണപ്പോര് മുറുകും.
നിരവധി കരുത്തരായ നേതാക്കളെ ബിജെപി ഇത്തവണ കളത്തിലിറക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരൻ ആറന്മുളയിൽ ജനവിധി തേടും. മണ്ഡലത്തിലെ വിമാനത്താവള വിരുദ്ധ സമരനായകനെന്ന പരിവേഷം വോട്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. കുമ്മനത്തെ കൂടാതെ ശോഭ സുരേന്ദ്രൻ പാലക്കാടും, കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും, രാജീവ് ചന്ദ്രശേഖർ നേമത്ത് നിന്നും ജനവിധി തേടും.








