ഐപിഎൽ ലോകത്ത് എന്നും ചർച്ചാവിഷയമാകാറുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ പെരുമാറ്റത്തെ പിന്തുണച്ച് ഇന്ത്യൻ പേസ് ഇതിഹാസം മുഹമ്മദ് ഷമി. 2024 സീസണിൽ അന്നത്തെ നായകൻ കെ.എൽ. രാഹുലിനോട് ഗോയങ്ക മൈതാനത്ത് വെച്ച് കയർത്തത് വലിയ വിവാദമായിരുന്നു. എന്നാൽ ഇത്രയും വലിയ തുക മുടക്കുന്ന ഒരാൾക്ക് ടീമിന്റെ പ്രകടനത്തിൽ ആശങ്കയുണ്ടാകുന്നത് തെറ്റല്ലെന്നാണ് ഷമിയുടെ പക്ഷം.
ലഖ്‌നൗ ടീമിനെ 7,090 കോടി രൂപയ്ക്കാണ് ഗോയങ്ക സ്വന്തമാക്കിയത്. ഇത്രയും വലിയ നിക്ഷേപം നടത്തുമ്പോൾ താരങ്ങളിൽ നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണെന്ന് ‘അൺപ്ലഗ്ഗ്ഡ്’ പോഡ്‌കാസ്റ്റിൽ ഷമി പറഞ്ഞു.”ആരായാലും ഇത്ര വലിയ തുക നിക്ഷേപിക്കുമ്പോൾ ഉയർന്ന പ്രതീക്ഷകൾ ഉണ്ടാകുന്നത് സാധാരണമാണ്. അതിൽ ഗോയങ്ക ജിക്ക് അല്പം നിർബന്ധബുദ്ധി ഉണ്ടെങ്കിൽ അതിൽ തെറ്റില്ല. ഒരു സാധാരണക്കാരൻ 5,000 രൂപ ഒരിടത്ത് നിക്ഷേപിച്ചാൽ പോലും അത് നഷ്ടപ്പെടുമോ എന്ന് പത്തുതവണ ആലോചിച്ച് ഹൃദയമിടിപ്പ് കൂടും. അപ്പോൾ ഇത്രയും കോടികൾ മുടക്കുന്ന ഒരാളുടെ അവസ്ഥ ആലോചിച്ചു നോക്കൂ.” മുഹമ്മദ് ഷമി പറഞ്ഞു.
ഗോയങ്കയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പരിഹാസ രൂപേണയുള്ള മീമുകൾ ശരിയല്ലെന്നും ഷമി കൂട്ടിച്ചേർത്തു. താൻ ഗോയങ്കയുമായി സംസാരിച്ചപ്പോഴെല്ലാം അദ്ദേഹം വളരെ മാന്യമായും വ്യക്തമായ കാര്യങ്ങളുമാണ് സംസാരിച്ചതെന്ന് ഷമി വെളിപ്പെടുത്തി. ടീമിനെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹത്തിന്റെ ചിന്തകളെന്നും ആ സംഭാഷണങ്ങൾ താൻ ആസ്വദിച്ചുവെന്നും ഷമി പറഞ്ഞു. 10 കോടി രൂപയ്ക്കാണ് ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ഷമിയെ ലഖ്‌നൗ സ്വന്തമാക്കിയത്.
മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, നമൻ തിവാരി, പ്രിൻസ് യാദവ് തുടങ്ങിയ യുവ പേസർമാരെ നയിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ സീസണിൽ ഷമിക്കുള്ളത്. അനുഭവസമ്പന്നനായ ഷമിയുടെ സാന്നിധ്യം ലഖ്‌നൗവിന്റെ ബൗളിംഗ് നിരയ്ക്ക് വലിയ കരുത്തേകും.












