മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോട്ട് ലേലം ചെയ്തതിനെ അനുകൂലിച്ച് ശിവസേന രംഗത്ത്. മോദിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍ രാഹുല്‍ ഗാന്ധിയുടെ വസ്ത്രവും,ലാലു പ്രസാദ് യാദവിന്റയും മുലായം സിംഗിന്റയും അവര്‍ ഉപയോഗിക്കുന്ന സാധനങ്ങളും ലേലത്തിന് വെച്ചാല്‍ എന്തു കിട്ടുമെന്നും ശിവസേന പരിഹസിക്കുന്നു. അരവിന്ദ് കെജ്രിവാളിന്റെ മഫ്ളറും മറ്റും ലേലം ചെയ്താലും എന്തു കിട്ടുമെന്നും ശിവസേന ചോദിക്കുന്നു.മോദിയുടെ സ്യൂട്ടിന് 4.31 കോടി രൂപ കിട്ടിയത് അത് ധരിച്ചയാളുടെ വ്യക്തത്വത്തിന്റെ ചിഹ്നമാണെന്നും മുഖപത്രമായ ‘സാമ്ന’യിലൂടെ ശിവസേന പറയുന്നു.
മോദി ഒരിക്കല്‍ മാത്രമാണ് ആ വസ്ത്രം ധരിച്ചത്. അതു ലേലത്തില്‍ പിടിക്കാന്‍ നിര്‍മ്മാതാക്കളും വ്യവസായികളും വക്ര വ്യാപാരികളും മത്സരിക്കുകയായിരുന്നു. മോദി ദിവസേന പുതിയ വസ്ത്രങ്ങള്‍ ധരിക്കുകയും അവയില്‍ ചിലത് ലേലത്തില്‍ വയ്ക്കുകയും ചെയ്താല്‍ ഇന്ത്യയിലുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം പാലിക്കാന്‍ കഴിയുമെന്നും സേന പറഞ്ഞുവയ്ക്കുന്നു.മോദിയുടെ വസ്ത്രങ്ങള്‍ ലളിതവും ഉയര്‍ന്ന ഗുണനിലവാരമുള്ളതുമാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രി മാന്യമായി വസ്ത്രധാരണം ചെയ്യുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പരിവേഷമാണെന്നും സേന സാമ്നയിലൂടെ അഭിപ്രായപ്പെടുന്നു .
ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ നാല് ദിവസമായി നടന്നു വന്ന ലേലത്തിലാണ് റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി ധരിച്ച കോട്ട് 4.31 കോടി രൂപയ്ക്ക് ലേലം ചെയ്തത്.ലേലം ചെയ്തു കിട്ടിയ തുക ഗംഗാ ശുചീകരണത്തിനും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപയോഗിക്കും.
Discussion about this post