പടന്ന അഴീക്കാൽ ജുമാ മസ്ജിദിൽ നടന്നത് മതപരമായ വിവാഹ ചടങ്ങായ ‘നിക്കാഹ്’ തന്നെയെന്ന് ഖത്തീബ് റഹ്മത്തുള്ള മദനിയുടെ മൊഴി. സംഭവത്തിൽ ചന്തേര പോലീസ് ഖത്തീബിന്റെ മൊഴി രേഖപ്പെടുത്തി. 16 വയസ്സുകാരിയും 28-കാരനും തമ്മിൽ നടന്ന വിവാഹം വിവാദമായതോടെ, ഇത് കേവലം വിവാഹ നിശ്ചയം മാത്രമായിരുന്നു എന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമം നടത്തിയിരുന്നു. എന്നാൽ ഈ വാദങ്ങളെ തള്ളിക്കൊണ്ടാണ് പള്ളിയിൽ നടന്നത് ഔദ്യോഗികമായ വിവാഹ ചടങ്ങായിരുന്നുവെന്ന് ഖത്തീബ് പോലീസിനോട് സ്ഥിരീകരിച്ചത്. അതേസമയം, വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന കാര്യത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം മൊഴി നൽകി.
പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് വാർഡ് മെമ്പർ കൂടിയായ പള്ളി സെക്രട്ടറിയുടെ നേതൃത്വത്തിൽ എടച്ചാക്കൈ അഴീക്കാൽ ജുമാ മസ്ജിദിൽ വെച്ച് വിവാഹം നടത്തിയത്. സംഭവത്തിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം ചന്തേര പോലീസ് കേസെടുത്തിട്ടുണ്ട്. വരനായ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും പള്ളി സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ, ഖത്തീബ് റഹ്മത്തുള്ള മദനി എന്നിവർക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.












