ഐ.പി.എല്ലിലെ കനത്ത പരാജയങ്ങൾക്കും സെവാഗ് അടക്കമുള്ള മുൻ താരങ്ങളുടെ കടുത്ത തന്ത്രപരമായ വിമർശനങ്ങൾക്കും പിന്നാലെ, പുതിയൊരു വിവാദത്തിൽ കൂടി ചാടി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ്. തന്നെ കാണാനെത്തിയ ഒരു ചെറിയ കുട്ടിയായ ആരാധകനോട് താരം പെരുമാറിയ രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിൽ റിയാൻ പരാഗ് നടന്നുപോകുന്നതിനിടയിലാണ് ഒരു ചെറിയ കുട്ടി ഒപ്പം നിന്ന് ഫോട്ടോ എടുക്കാനായി ഓടിയെത്തിയത്. തിരക്കിനിടയിലൂടെ ഒപ്പം നടക്കാൻ ശ്രമിച്ച കുട്ടിയോട് ആദ്യം ‘മാറി നിൽക്കൂ’ എന്ന് പരാഗ് പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ കുട്ടി മാറാത്തതിനെത്തുടർന്ന് പരാഗ് അവനെ കൈകളിൽ പൊക്കിയെടുത്ത് ദൂരേക്ക് മാറ്റിവെച്ച് മുന്നോട്ട് നടന്നുപോവുകയായിരുന്നു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗമാണ് പ്രചരിച്ചത്. ഒരു കായികതാരവും മാതൃകയാക്കേണ്ട വ്യക്തിയും ഒരു കൊച്ചുകുട്ടിയോട് ഇത്രയും പരുഷമായി പെരുമാറരുതായിരുന്നു എന്നാണ് ഭൂരിഭാഗം നെറ്റിസൺസിന്റെയും അഭിപ്രായം. സാഹചര്യം കുറച്ചുകൂടി സൌമ്യമായി കൈകാര്യം ചെയ്യാമായിരുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
റിയാൻ പരാഗ് വിവാദങ്ങളിൽ പെടുന്നത് ഇതാദ്യമായല്ല. കളിക്കളത്തിലെ അമിത അഗ്രഷനും ഗ്രൗണ്ടിന് പുറത്തെ പെരുമാറ്റങ്ങളും താരത്തെ എപ്പോഴും വിമർശനങ്ങൾക്കിരയാക്കാറുണ്ട്. അടുത്തിടെ ഡ്രെസ്സിംഗ് റൂമിലിരുന്ന് ‘വേപ്പിംഗ്’ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് ബി.സി.സി.ഐ താരത്തിന് പിഴ ചുമത്തിയിരുന്നു.
Look, a small kid came to take a picture with Riyan Parag at the team hotel, but he angrily scolded him and told him to move away saying “hat.”🙂 pic.twitter.com/N9CVsVzUSt
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) May 18, 2026












