കൊൽക്കത്ത : പശ്ചിമ ബംഗാളിലെ സോനാർപൂരിൽ വെച്ച് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പുതിയ ആരോപണവുമായി മമതാ ബാനർജി രംഗത്ത്. ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ അഭിഷേക് ബാനർജിക്ക് കൊൽക്കത്തയിലെ രണ്ട് സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു എന്നാണ് മമത ബാനർജി ആരോപിക്കുന്നത്.
ആക്രമണത്തിന് ശേഷം നെഞ്ചിനും ശരീരത്തിലും പരിക്കേറ്റ അഭിഷേക് ബാനർജിയെ രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല എന്ന് മമത സൂചിപ്പിച്ചു.
ആദ്യം ഇഎം ബൈപാസിന് സമീപമുള്ള ആശുപത്രിയിലും പിന്നീട് മിന്റോ പാർക്കിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ആവശ്യമായ ചികിത്സ നൽകിയില്ല എന്നാണ് മമതയുടെ ആരോപണം. സംസ്ഥാന ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദം മൂലമാണ് ആശുപത്രികൾ അഭിഷേകിന് ചികിത്സ നിഷേധിച്ചതെന്ന് മമത കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാനവ്യാപകമായി തെരുവ് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാൽ, അഭിഷേക് ബാനർജിക്ക് കാര്യമായ പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ പരിശോധിച്ച് മരുന്നുകൾ നൽകി വിടുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.








