ന്യൂഡൽഹി: യുഎന്നിന്റെ പീസ് കീപ്പിംഗ് (സമാധാന പരിപാലന) ദൗത്യങ്ങളിൽ ഭാരതത്തിന്റെ പെരുമ വീണ്ടും ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് മേജർ അഭിലാഷ ബരാക്. ഈ വർഷത്തെ ‘യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്കാരത്തിന് അർഹയായ മേജർ അഭിലാഷയെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് അഭിനന്ദിച്ചു. ഭാരതീയ വനിതകളുടെ പോരാട്ടവീര്യത്തിന്റെ ഉദാഹരണമാണ് മേജർ അഭിലാഷയെന്ന് അദ്ദേഹം പ്രശംസിച്ചു.
ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ ഇടക്കാല സേനയിൽ എൻഗേജ്‌മെന്റ് ടീം കമാൻഡറായും ജെൻഡർ ഫോക്കൽ പോയിന്റായും സേവനമനുഷ്ഠിക്കുന്ന മേജർ അഭിലാഷ, സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ലിംഗസമത്വ കാഴ്ചപ്പാടുകൾ മുൻനിർത്തി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കാണ് ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് അർഹയായത്.
“മേജർ അഭിലാഷ ബരാക്കിന്റെ ഈ നേട്ടം രാജ്യം കാക്കുന്നതിനും മാനവികതയ്ക്കായി സേവനം ചെയ്യുന്നതിനും ആഗ്രഹിക്കുന്ന ഭാരതത്തിലെ യുവതലമുറയ്ക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് വലിയൊരു പ്രചോദനമാണ്.” പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യങ്ങളിൽ ഭാരതം വർഷങ്ങളായി നൽകിവരുന്ന സസ്തുത്യർഹമായ സംഭാവനകൾക്കുള്ള ആദരവുകൂടിയാണ് ഈ പുരസ്കാരം. സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങളും പദവികളും നൽകുന്ന ഭാരതത്തിന്റെ നയം ശരിയായ ദിശയിലാണെന്ന് ഈ നേട്ടം അടിവരയിടുന്നു.ഭാരതീയ സൈന്യത്തിന്റെ പ്രൊഫഷണലിസവും കർത്തവ്യബോധവും ആഗോളതലത്തിൽ ഒരിക്കൽക്കൂടി അംഗീകരിക്കപ്പെട്ടിരിക്കുകയാണ് മേജർ അഭിലാഷയിലൂടെ.











