ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. അതിസാഹസികമായി ട്രക്കിൽ കയറി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ ഒടുവിൽ പൊലീസ് പിടികൂടുകയായിരുന്നു. തിങ്കളാഴ്ച രാത്രി മൂവാറ്റുപുഴയിലാണ് സംഭവം നടന്നത്.
ഈസ്റ്റ് മാറാടിയിലെ ആയുർവേദ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാരിയായ പാലാ സ്വദേശിനിയാണ് അക്രമത്തിന് ഇരയായത്. യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുമ്പോൾ രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘം വഴി തടഞ്ഞു. മദ്യലഹരിയിലായിരുന്ന സംഘം യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ യുവതി നിലവിളിച്ചുകൊണ്ട് ഓടുന്നതിനിടയിൽ ആ വഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരൻ യുവതിയെ സഹായിക്കാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം അടുത്തെത്തിയതോടെ ബൈക്കിൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.
സ്ഥിതിഗതികൾ ഗുരുതരമാണെന്ന് മനസ്സിലാക്കിയ യുവതിയും സഹായിക്കാൻ എത്തിയ യുവാവും ആ വഴി വന്ന ഒരു ട്രക്ക് തടഞ്ഞുനിർത്തി സഹായം അഭ്യർത്ഥിച്ചു. മലയാളം അറിയാത്ത ബംഗാളി ഡ്രൈവർ സാഹചര്യം മനസ്സിലാക്കി ഇരുവരെയും ട്രക്കിൽ കയറ്റി മുന്നോട്ട് കുതിച്ചു. എന്നാൽ അക്രമിസംഘം തളരാതെ ബൈക്കുകളിൽ ട്രക്കിനെ പിന്തുടരുകയും ആയുധങ്ങൾ ഉപയോഗിച്ച് ട്രക്കിൽ അടിക്കുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. 15 കിലോമീറ്ററോളം ദൂരത്തിൽ ഈ പിന്തുടരൽ നീണ്ടുനിന്നു.
യുവതി ഉടൻ തന്നെ ഗൂഗിളിൽ നിന്ന് മൂവാറ്റുപുഴ പൊലീസിന്റെ നമ്പർ കണ്ടെത്തി വിവരങ്ങൾ കൈമാറി. തുടർന്ന് പൊലീസ് ജാഗ്രത പാലിക്കുകയും പിറവം പൊലീസിന്റെ സഹായത്തോടെ ട്രക്ക് തടഞ്ഞുനിർത്തി യുവതിയെ സുരക്ഷിതയാക്കുകയും ചെയ്തു. പൊലീസ് തടയുന്നതുകണ്ട അക്രമികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ സഹായത്തോടെ അക്രമികളുടെ ബൈക്ക് നമ്പർ ലഭിക്കുകയും അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുലർച്ചയോടെ അഞ്ചുപേരെയും പിടികൂടുകയുമായിരുന്നു.
അജിത് (19), അദ്വൈത് (20), ടോമി ഷാജി (19), അർജുൻ സനിൽ (20), അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുറച്ചു ദിവസങ്ങളായി യുവതിയുടെ ജോലിസ്ഥലവും യാത്രാ സമയവും നിരീക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. വധശ്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീയെ ആക്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തു. ഈ സംഘത്തിന്റെ ആക്രമണത്തിൽ നിന്ന് ട്രക്ക് ഡ്രൈവറുടെ ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചതായി പൊലീസ് വ്യക്തമാക്കി.












