1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായി ബംഗാൾ ഉൾക്കടലിൽ ശക്തമായ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള വൻ നീക്കങ്ങളുമായി പാകിസ്താൻ. ഇതിന്റെ ഭാഗമായി ചൈനയിൽ നിന്ന് പാകിസ്താൻ വാങ്ങുന്ന എട്ട് അത്യാധുനിക അന്തർവാഹിനികളിൽ (Submarines) ആദ്യത്തേത് പാക് നാവികസേനയുടെ പക്കലെത്തി. ‘ഹാങ്കോർ ക്ലാസ്’ (Hangor-class) വിഭാഗത്തിൽപ്പെട്ട അതീവ ശേഷിയുള്ള അന്തർവാഹിനിയാണ് ചൈന പാകിസ്താന് കൈമാറിയിരിക്കുന്നത്. ബംഗാൾ ഉൾക്കടൽ കേന്ദ്രീകരിച്ച് ഇവ വിന്യസിക്കാനാണ് പാക് നാവികസേനയുടെ നീക്കമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ബംഗാൾ ഉൾക്കടലിൽ പാകിസ്താൻ നടത്തുന്ന ഈ അപ്രതീക്ഷിത സൈനിക നീക്കം ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ചൈനയുമായി ചേർന്ന് ഇന്ത്യയെ തന്ത്രപ്രധാനമായി പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ ഈ പുതിയ നീക്കമെന്ന് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നു. ദീർഘദൂരം സഞ്ചരിക്കാനും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാനും ശേഷിയുള്ളതാണ് ഈ ഹാങ്കോർ ക്ലാസ് അന്തർവാഹിനികൾ. വരും വർഷങ്ങളിൽ ബാക്കി ഏഴ് അന്തർവാഹിനികൾ കൂടി ചൈനയിൽ നിന്നും പാകിസ്താനിലെത്തുന്നതോടെ മേഖലയിൽ കൂടുതൽ അശാന്തി പടരാൻ സാധ്യതയുണ്ട്.
ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേന പാകിസ്താന്റെ പ്രമുഖ അന്തർവാഹിനിയായ ‘പിഎൻഎസ് ഗാസി’യെ ബംഗാൾ ഉൾക്കടലിൽ വെച്ച് തകർത്ത ചരിത്രമുണ്ട്. അതിനുശേഷം ഈ മേഖലയിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന പാക് നാവികസേന, ഇപ്പോൾ ചൈനയുടെ കടുത്ത പിന്തുണയോടെയാണ് വീണ്ടും തിരിച്ചുവരവിന് ശ്രമിക്കുന്നത്. ചൈനയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ട് ഏഷ്യൻ പസഫിക് മേഖലയിലെ സന്തുലിതാവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണെന്ന ചർച്ചകൾ ആഗോളതലത്തിൽ ഉയരുന്നതിനിടെയാണ് ഈ പുതിയ വാർത്ത പുറത്തുവരുന്നത്.












