ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് 2008-ലെ ആദ്യ സീസണിൽ നടന്ന ‘സ്ലാപ്ഗേറ്റ്’ സംഭവം. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ രണ്ട് സൂപ്പർ താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടിയത് അന്ന് ക്രിക്കറ്റ് ലോകത്തെ വലിയ രീതിയിൽ പിടിച്ചുകുലുക്കിയിരുന്നു. 2008 ഏപ്രിൽ 25, പിസിഎ സ്റ്റേഡിയം, മൊഹാലി ആണ് വേദി.
യുവരാജ് സിംഗ് നയിച്ച കിങ്സ് ഇലവൻ പഞ്ചാബും സച്ചിന്റെ അഭാവത്തിൽ ഹർഭജൻ സിംഗ് നയിച്ച മുംബൈ ഇന്ത്യൻസും തമ്മിലായിരുന്നു മത്സരം. ആ മത്സരത്തിൽ പഞ്ചാബ് മുംബൈയെ 66 റൺസിന്റെ വമ്പൻ വ്യത്യാസത്തിൽ പരാജയപ്പെടുത്തി. ടൂർണമെന്റിൽ മുംബൈയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയായിരുന്നു അത്. ഇത് മുംബൈ ക്യാപ്റ്റനായ ഹർഭജനെ കടുത്ത നിരാശയിലും സമ്മർദ്ദത്തിലുമാക്കിയിരുന്നു.
മത്സരത്തിലുടനീളം ശ്രീശാന്ത് തന്റെ പതിവ് ശൈലിയിൽ വളരെ അഗ്രസ്സീവായാണ് പന്തെറിഞ്ഞിരുന്നത്. മുംബൈ ബാറ്റർമാരെ നിരന്തരം പ്രകോപിപ്പിക്കാനും സ്ലെഡ്ജ് ചെയ്യാനും ശ്രീശാന്ത് ശ്രമിച്ചിരുന്നു. ഈ ആക്രമണോത്സുകത ഹർഭജനെ മത്സരത്തിനിടയിൽ തന്നെ ചൊടിപ്പിച്ചിരുന്നു.
മത്സരം പഞ്ചാബ് ജയിച്ചതിന് ശേഷം ഇരു ടീമിലെയും കളിക്കാർ മൈതാനത്ത് വെച്ച് പരസ്പരം കൈകൊടുക്കുന്ന (Handshake) സമയത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തോൽവിയുടെ കടുത്ത നിരാശയിൽ നിന്നിരുന്ന ഹർഭജന്റെ അടുത്തേക്ക് വന്ന ശ്രീശാന്ത് “ഹാർഡ് ലക്ക് ഭാജി പാ” (Hard luck, Bhajji pa) എന്ന് പറയുകയോ ചെയ്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തുടർച്ചയായ തോൽവികളുടെയും ശ്രീശാന്തിന്റെ അമിത ആവേശത്തിന്റെയും സമ്മർദ്ദം താങ്ങാനാവാതെ നിയന്ത്രണം വിട്ട ഹർഭജൻ, ക്യാമറകൾക്ക് മുന്നിൽ വെച്ച് ശ്രീശാന്തിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അടി കിട്ടിയതിന് ശേഷം ഗ്രൗണ്ടിൽ വെച്ച് ശ്രീശാന്ത് പൊട്ടിക്കരയുന്നതിന്റെയും, സഹതാരങ്ങളായ വി.ആർ. വി സിംഗും മറ്റും അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്ന് ക്രിക്കറ്റ് ലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു.
വർഷങ്ങൾക്ക് ശേഷം ഈ സംഭവത്തെക്കുറിച്ച് ഹർഭജൻ പലതവണ പരസ്യമായി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. “എന്റെ കരിയറിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റാണത്. അന്ന് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ശ്രീശാന്ത് എന്റെ സഹോദരനെപ്പോലെയാണ്,” എന്ന് ഹർഭജൻ തുറന്നുപറഞ്ഞു. ശ്രീശാന്തും ഈ സംഭവം മറന്നെങ്കിലും അടുത്ത കാലത്തെ ഹർഭജന്റെ ചില സംസാരങ്ങളും അദ്ദേഹത്തെ ചോദിപ്പിക്കുക ആയിരുന്നു. 2008-ലെ ആദ്യ ഐപിഎൽ സീസണിൽ നടന്ന പ്രശസ്തമായ ‘സ്ലാപ്ഗേറ്റ്’ വിവാദം വർഷങ്ങൾക്ക് ശേഷം വീണ്ടും കത്താൻ കാരണം ഹർഭജൻ സിംഗ് അഭിനയിച്ച പുതിയൊരു പരസ്യചിത്രമാണ്. ആ പഴയ തല്ലുകേസ് സംഭവത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഹർഭജൻ ആ പരസ്യത്തിൽ അഭിനയിച്ചത്. ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാട്ടിയാണ് ശ്രീശാന്ത് രംഗത്തെത്തിയത്.
പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പ്’ അഭിമുഖത്തിനിടയിൽ ഇരുവരും ബോക്സിങ് ഗ്ലൗസ് ധരിച്ചുനിൽക്കുന്ന പഴയൊരു ചിത്രം കണ്ടതോടെയാണ് ശ്രീശാന്ത് ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഹർഭജനെ ബോക്സിങ് റിങ്ങിലേക്ക് നേരിട്ടുള്ള പോരാട്ടത്തിന് വെല്ലുവിളിച്ചത്. ഹർഭജന്റെ പരസ്യത്തിനെതിരെ കടുത്ത ഭാഷയിലാണ് ശ്രീശാന്ത് അഭിമുഖത്തിൽ പ്രതികരിച്ചത്. “ഞാൻ നിന്നെ വെല്ലുവിളിക്കുന്നു ഭാജി. ഈ തല്ല് കേസിലും എന്നിലും നിനക്ക് അത്രയധികം പ്രശ്നമുണ്ടെങ്കിൽ, നീ ഇതിലൂടെ ഇത്രയധികം പണമുണ്ടാക്കുന്നുണ്ടെങ്കിൽ… എന്നെയും കുറച്ച് പണമുണ്ടാക്കാൻ അനുവദിക്കൂ. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ ഇത്തരം പരസ്യങ്ങളൊന്നും ചെയ്യാതിരിക്കാം. യഥാർത്ഥ രീതിയിൽ, എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി ദയവായി നീ റിങ്ങിലേക്ക് വരൂ. ഞാൻ കാത്തിരിക്കുകയാണ്.”
ഇതിനെതിരെ ഹർഭജൻ ഇൻസ്റ്റാഗ്രാം വിഡിയോയിൽ “ആരോ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, വെറുതെ അനാവശ്യം പറയുന്നവരെ അത് തുടരാൻ അനുവദിക്കൂ… കാരണം എപ്പോഴും ശൂന്യമായ പാത്രങ്ങൾ മാത്രമാണ് കൂടുതൽ ശബ്ദമുണ്ടാക്കാറുള്ളത്.” വീഡിയോയിൽ എവിടെയും ശ്രീശാന്തിന്റെ പേര് ഹർഭജൻ എടുത്തുപറയുന്നില്ലെങ്കിലും, കഴിഞ്ഞ ദിവസം ശ്രീശാന്ത് നടത്തിയ കടുത്ത പരസ്യ വെല്ലുവിളിക്കുള്ള കൃത്യമായ മറുപടിയാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒന്നടങ്കം വിലയിരുത്തുന്നു.











