ഇന്ത്യയുടെ മണ്ണിൽ തനിക്ക് ലഭിച്ച സമാനതകളില്ലാത്ത ആദരവിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തെലങ്കാന തലസ്ഥാനമായ ഹൈദരാബാദിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലുള്ള റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ (Donald Trump Avenue) എന്ന് നാമകരണം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിൽ ഇത്തരമൊരു ആദരം ലഭിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ യുഎസ് പ്രസിഡന്റാണ് താനെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ (Truth Social) കുറിച്ചു. യുഎസ് കോൺസുലേറ്റിനോട് ചേർന്നുള്ള റോഡിന്റെ പേര് മാറ്റിക്കൊണ്ട് സ്ഥാപിച്ച സ്മരണികാ ഫലകം തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്കയും ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറും ചേർന്ന് അനാച്ഛാദനം ചെയ്യുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഹൈദരാബാദിലെ യുഎസ് കോൺസുലേറ്റിൽ സംഘടിപ്പിച്ച ‘ഫ്രീഡം 250’ ആഘോഷങ്ങളുടെ ഭാഗമായാണ് തെലങ്കാന സർക്കാർ ഈ സുപ്രധാന തീരുമാനം നടപ്പിലാക്കിയത്. നാനക്രംഗുഡയിലെ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന യുഎസ് കോൺസുലേറ്റിന് തൊട്ടടുത്തുള്ള ഈ റോഡിന് സമീപമാണ് ആഗോള ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ അമേരിക്കൻ കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്. ഭാരതവും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ പങ്കാളിത്തത്തിൽ ഹൈദരാബാദിനുള്ള വളർന്നുവരുന്ന പ്രാധാന്യത്തിന്റെ അടയാളമായാണ് റോഡിന്റെ പേരുമാറ്റത്തെ തെലങ്കാന സർക്കാർ വിശേഷിപ്പിച്ചത്. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി 2025 ഡിസംബറിലാണ് ഹൈദരാബാദിലെ പ്രധാന റോഡുകൾക്ക് ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങളുടെയും പ്രമുഖ വ്യക്തിത്വങ്ങളുടെയും പേരുകൾ നൽകുമെന്ന പ്രഖ്യാപനം ആദ്യമായി നടത്തിയത്.
അമേരിക്കൻ സ്വാതന്ത്ര്യദിന റിസപ്ഷൻ ചടങ്ങിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, യുഎസ് കോൺസുൽ ജനറൽ ലോറ വില്യംസ് എന്നിവരുൾപ്പെടെ പ്രതിരോധ, സാങ്കേതിക മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. ഐടി മേഖലയ്ക്ക് പുറമെ എയ്‌റോസ്‌പേസ്, പ്രതിരോധം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തിന്റെ തെളിവാണ് ഹൈദരാബാദെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ ചടങ്ങിൽ പ്രശംസിച്ചു.












