ന്യൂഡൽഹി : രാജ്യത്തെ റോഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 14,115 കോടി രൂപയുടെ രണ്ട് വൻകിട ഹൈവേ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റിയാണ് ഈ മെഗാ പ്രൊജക്ടുകൾക്ക് അംഗീകാരം നൽകിയത്. ഡൽഹിയിലെ യാത്രാക്ലേശം കുറയ്ക്കാനുള്ള 6-വരി അണ്ടർഗ്രൗണ്ട് തുരങ്കപാതയും ഉത്തർപ്രദേശിലെ പുതിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് വേയുമാണ് കേന്ദ്ര മന്ത്രിസഭാ അംഗീകാരം ലഭിച്ച രണ്ട് പ്രധാന പദ്ധതികൾ.
പ്രധാനമന്ത്രിയുടെ ‘പിഎം ഗതിശക്തി’ ദേശീയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി രാജ്യത്തെ റോഡ് ശൃംഖലകൾ കൂടുതൽ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നടപടികളുടെ ഭാഗമാണ് ഈ തീരുമാനം. ഡൽഹിയിലെയും ഉത്തർപ്രദേശിലെയും ഗതാഗതക്കുരുക്ക് പൂർണ്ണമായി ഒഴിവാക്കാനും യാത്രാസമയം പകുതിയിലധികമായി കുറയ്ക്കാനും ഈ പദ്ധതികൾ സഹായിക്കും. ദ്വാരക എക്സ്പ്രസ് വേയിലെ ശിവമൂർത്തി ഇന്റർചേഞ്ചിനെ ദക്ഷിണ ഡൽഹിയിലെ വസന്ത് കുഞ്ചിലുള്ള നെൽസൺ മണ്ടേല മാർഗുമായി ബന്ധിപ്പിച്ച് 8.1 കിലോമീറ്റർ നീളമുള്ള 6-വരി പാതയാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിൽ ഉൾപ്പെടുന്ന 3.14 കിലോമീറ്റർ നീളമുള്ള ഇരട്ട ടണൽ ആണ്. ഈ പദ്ധതി പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ ഡൽഹി, ഗുരുഗ്രാം , ദ്വാരക, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ നിന്ന് തെക്കൻ ഡൽഹിയിലേക്ക് പോകുന്നവർക്ക് ഇനി മിനിറ്റുകൾക്കകം ലക്ഷ്യസ്ഥാനത്ത് എത്താം.
ഉത്തർപ്രദേശിലെ വ്യവസായ നഗരമായ കാൺപൂരിനെ കബ്രായുമായി ബന്ധിപ്പിക്കുന്ന 117.7 കിലോമീറ്റർ നീളമുള്ള 4/6 വരി എക്സ്പ്രസ് വേയാണ് രണ്ടാമത്തെ പദ്ധതി. ഭോപ്പാൽ-കാൺപൂർ ഇക്കണോമിക് കോറിഡോറിന്റെ പ്രധാന ഭാഗമാണിത്. നിലവിൽ കാൺപൂരിൽ നിന്ന് കബ്രായിലെത്താൻ 3.5 മണിക്കൂർ വേണമെങ്കിൽ, പുതിയ നിയന്ത്രിത പാത വരുന്നതോടെ യാത്രാസമയം വെറും 1.5 മണിക്കൂറായി ചുരുങ്ങും. മണിക്കൂറിൽ 80-100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് ഇതിലൂടെ സഞ്ചരിക്കാം. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ, കാൺപൂർ റിംഗ് റോഡ് എന്നിവയുമായി ഇത് കണക്ട് ചെയ്യപ്പെടും. കബ്രായിലെ ഖനന മേഖലകളിൽ നിന്നുള്ള ധാതുക്കൾ, നിർമ്മാണ സാമഗ്രികൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ വളരെ വേഗത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ഇത് സഹായിക്കും. ഈ പദ്ധതി 2.5 വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഈ രണ്ട് വലിയ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിലൂടെ നിർമ്മാണ ഘട്ടത്തിൽ മാത്രം രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും, ഇത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.










