വാഷിംഗ്ടൺ : ഫെബ്രുവരിയിൽ യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക വിലാപയാത്രകൾക്കും ശവസംസ്കാര ചടങ്ങുകൾക്കുമായി ഇറാന് സംഘർഷങ്ങൾക്കും ചർച്ചകൾക്കും ഒരാഴ്ചത്തെ അവധി നൽകിയിട്ടുണ്ടെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇപ്പോൾ അമേരിക്കയുമായി ഒരു ഒത്തുതീർപ്പിലെത്താൻ ‘കൊതിക്കുകയാണെന്നും’ അദ്ദേഹം അവകാശപ്പെട്ടു. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യവേ ആണ് ട്രംപ് ഇറാന്റെ സാഹചര്യത്തെ പരിഹസിച്ചുകൊണ്ട് സംസാരിച്ചത്.
തങ്ങൾ വളരെ നല്ല ആളുകളായതുകൊണ്ടാണ് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചതെന്നാണ് ട്രംപിന്റെ പരിഹാസം. തങ്ങൾ ഇറാന്റെ അടിത്തറ ഇളക്കിയെന്നും ഇപ്പോൾ അവർ സമാധാന ചർച്ചകൾക്കായി തിടുക്കം കൂട്ടുകയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖമേനിയുടെ ഭൗതികശരീരം മാസങ്ങൾക്ക് ശേഷം ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനത്തിന് വെച്ച ഔദ്യോഗിക വിലാപയാത്രകൾ ശനിയാഴ്ച ആരംഭിച്ച പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ വിവാദ പരാമർശം. നിലവിൽ യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അമേരിക്കയുടെ സൈനിക കരുത്തിനെ പ്രകീർത്തിച്ച ട്രംപ്, തങ്ങളുടെ ഭരണകൂടം ചരിത്രത്തിലെ ഏറ്റവും ശക്തമായ സൈന്യത്തെയാണ് വാർത്തെടുത്തതെന്ന് അവകാശപ്പെട്ടു. ലോക മഹായുദ്ധങ്ങളിൽ വിജയിച്ച അമേരിക്ക വെനസ്വേലയെ ഒരൊറ്റ ദിവസം കൊണ്ട് നിലംപരിശാക്കിയെന്നും അതുപോലെ ഇറാനെയും തകർത്തുവെന്നും ട്രംപ് ജനക്കൂട്ടത്തോട് പറഞ്ഞു. വിദേശനയങ്ങൾക്ക് പുറമെ അമേരിക്കയുടെ സാമ്പത്തിക പുരോഗതിയെക്കുറിച്ചും ട്രംപ് സംസാരിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 19.2 ട്രില്യൺ ഡോളറിന്റെ നിക്ഷേപമാണ് അമേരിക്കയിലേക്ക് ഒഴുകിയെത്തിയതെന്നും രാജ്യം മുൻപെങ്ങുമില്ലാത്ത വിധം വലിയ സാമ്പത്തിക വളർച്ചയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.








