വീടുകളിൽ കറന്റ് ബിൽ തുക കണ്ടു ഞെട്ടാത്തവർ കുറവാണ്. ഫാൻ, ലൈറ്റ്, എസി എന്നിവയാണ് കറന്റ് ബില്ലിന്റെ പ്രധാന വില്ലന്മാരെന്നാണ് പലരുടെയും വിചാരം. എന്നാൽ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫ്രിഡ്ജ് സൃഷ്ടിക്കുന്ന ചെലവുകളെക്കുറിച്ച് നമ്മൾ പലപ്പോഴും ഓർക്കാറില്ല. “ഫ്രിഡ്ജിന്റെ വാതിൽ അടിക്കടി തുറന്നാൽ കറന്റ് കൂടും” എന്ന് മുതിർന്നവർ പറയുന്നത് നിങ്ങളും കേട്ടിട്ടുണ്ടാകും. കുട്ടിക്കാലം മുതൽ കേൾക്കുന്ന ഈ ഉപദേശം വെറുമൊരു തോന്നലാണോ അതോ ഇതിന് പിന്നിൽ വല്ല ശാസ്ത്രീയ കാരണവുമുണ്ടോ? ആ യാഥാർത്ഥ്യം അറിയാം.
ഫ്രിഡ്ജിന്റെ വാതിൽ പലതവണ തുറക്കുന്നത് കറന്റ് ഉപഭോഗം വർദ്ധിപ്പിക്കും എന്നത് പൂർണ്ണമായും സത്യമായ ഒന്നാണ്. നമ്മൾ ഫ്രിഡ്ജ് തുറക്കുമ്പോൾ അതിനുള്ളിലെ തണുത്ത വായു പെട്ടെന്ന് പുറത്തേക്ക് പോവുകയും മുറിയിലെ ചൂടുള്ള വായു ഫ്രിഡ്ജിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഫ്രിഡ്ജ് തുറന്നുപിടിച്ച് എന്തെടുക്കണം എന്ന് ആലോചിച്ചുനിൽക്കുമ്പോഴാണ് ഈ വായുമാറ്റം ഏറ്റവും കൂടുതൽ സംഭവിക്കുന്നത്. ചൂടു വായു അകത്തു കയറുമ്പോൾ ഫ്രിഡ്ജിനുള്ളിലെ താപനില ഉയർന്ന തലത്തിലേക്ക് മാറുന്നു.
ഇതോടെ ഫ്രിഡ്ജിനുള്ളിലെ താപനില ക്രമീകരിക്കാനായി കംപ്രസ്സർ കൂടുതൽ സമയം കഠിനമായി പ്രവർത്തിക്കേണ്ടതായി വരുന്നു. ഈ ഘട്ടത്തിലാണ് കറന്റ് ഉപഭോഗം കുത്തനെ കൂടുന്നത്. പഠനങ്ങൾ അനുസരിച്ച് ഫ്രിഡ്ജിന്റെ വാതിൽ അടിക്കടി തുറക്കുന്നത് അതിന്റെ ആകെ ഊർജ്ജ ഉപഭോഗത്തിൽ 7 മുതൽ 30 ശതമാനം വരെ വർദ്ധനവ് ഉണ്ടാക്കാം.
ഇത് മാത്രമല്ല, ചൂടുള്ള ഭക്ഷണം ഫ്രിഡ്ജിൽ നേരിട്ട് വെക്കുന്നതും വാതിലിലെ റബ്ബർ സീലുകൾക്ക് (Gasket) കേടുപാടുകൾ സംഭവിക്കുന്നത് വഴി തണുപ്പ് പുറത്തുപോകുന്നതും കംപ്രസ്സറിന് അധിക ഭാരം ഉണ്ടാക്കുന്നു. അതുകൊണ്ട് ഫ്രിഡ്ജ് തുറക്കുന്നതിന് മുൻപ് എന്താണ് വേണ്ടതെന്ന് നിശ്ചയിക്കുക, സാധനങ്ങൾ എടുത്ത ഉടൻ തന്നെ വാതിൽ അടയ്ക്കുക. ഈ ചെറിയ ശീലം വഴി നിങ്ങളുടെ മാസാന്ത വൈദ്യുതി ബില്ലിൽ വലിയൊരു തുക ലാഭിക്കാൻ സാധിക്കും.












