ദ്വിദിന സന്ദർശനത്തിനായി ഉസ്‌ബെക്കിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താഷ്‌കെന്റിൽ ‘യോഗ ഫെഡറേഷൻ ഓഫ് ഉസ്‌ബെക്കിസ്ഥാൻ’ സംഘടിപ്പിച്ച പ്രത്യേക യോഗ പരിപാടിയിൽ പങ്കെടുത്തു. നാലാം തവണയാണ് പ്രധാനമന്ത്രി ഉസ്‌ബെക്കിസ്ഥാൻ സന്ദർശിക്കുന്നത്. തലസ്ഥാനമായ താഷ്‌കെന്റിലെത്തിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഐക്കോണിക് ഹിൽട്ടൺ ഹോട്ടൽ ഉൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങൾ ഇന്ത്യൻ ദേശീയ പതാകയുടെ ത്രിവർണ്ണ വെളിച്ചത്തിൽ ദീപാലംകൃതമാക്കിയിരുന്നു. തുടർന്ന് ‘യാംഗി ഉസ്‌ബെക്കിസ്ഥാൻ’ സ്മാരകത്തിലെത്തിയ പ്രധാനമന്ത്രി, ഉസ്‌ബെക് പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവിനൊപ്പം പുഷ്പചക്രം അർപ്പിച്ചു.
താഷ്‌കെന്റിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സാംസ്കാരിക സ്വീകരണ പരിപാടികൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ നേർക്കാഴ്ചയായി മാറി. ലാൽ ബഹാദൂർ ശാസ്ത്രി സെന്റർ ഫോർ ഇന്ത്യൻ കൾച്ചറിലെ വിദ്യാർത്ഥികളുടെ കഥക് പ്രകടനവും, ബോളിവുഡ് ഗാനങ്ങളും ഉസ്‌ബെക് പരമ്പരാഗത നൃത്തരൂപമായ ആൻഡിജൻ പോൾക്കയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷൻ നൃത്തങ്ങളും ചടങ്ങിൽ അരങ്ങേറി. യോഗയും കലയും സിനിമയും ഉൾപ്പെടുന്ന ഭാരതത്തിന്റെ ‘സോഫ്റ്റ് പവർ’ ലോകമെമ്പാടും പടരുന്നതിന്റെ ഉദാഹരണമാണ് ഈ സാംസ്കാരിക വിനിമയങ്ങളെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
സന്ദർശനത്തിന്റെ ഭാഗമായി പ്രസിഡന്റ് ഷവ്കത്ത് മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി പ്രതിനിധിതല ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലെ സഹകരണം ഇരു നേതാക്കളും സമഗ്രമായി അവലോകനം ചെയ്യും. താഷ്‌കെന്റിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷം, കിർഗിസ് പ്രസിഡന്റ് സദർ ഷപറോവിന്റെ പ്രത്യേക ക്ഷണപ്രകാരം 26-ാമത് എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ബിഷ്‌കെക്കിലേക്ക് തിരിക്കും.








