ആഡംബര റണ്ണിങ് ഷൂസുകളോ ട്രാക്ക് സ്യൂട്ടുകളോ അല്ല, ഉടുത്തിരുന്ന സാരി കാൽക്കൽ തടസ്സമാകാതിരിക്കാൻ കൈയിലെടുത്തു പിടിച്ചും, കാൽക്കീഴിലെ കല്ലും മുള്ളും വകവെക്കാതെയുമാണ് ആ അമ്മ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ അംബാജോഗൈ സ്വദേശിനിയായ രമാബായ് രൺവീർ എന്ന അമ്മയ്ക്ക് പ്രാദേശിക സംഘടന സംഘടിപ്പിച്ച ‘അമൃത് ദൗഡ്’ മാരത്തൺ വെറുമൊരു കായിക മത്സരമായിരുന്നില്ല. മക്കളുടെ പഠനാവശ്യത്തിന് പുസ്തകങ്ങൾ വാങ്ങാനായി 3,000 രൂപയുടെ സമ്മാനത്തുക നേടാനുള്ള ജീവന്മരണ പോരാട്ടമായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ സാധാരണ സാരിയും ചെരുപ്പും ധരിച്ചാണ് രമാബായ് സ്റ്റാർട്ടിംഗ് ലൈനിൽ നിലയുറപ്പിച്ചത്. എന്നാൽ ഓട്ടം തുടങ്ങി അധികം വൈകാതെ തന്നെ ചെരുപ്പ് അഴിഞ്ഞുപോയി. പിന്മാറാൻ തയ്യാറാകാതിരുന്ന അവർ ചെരുപ്പ് കയ്യിലെടുത്ത് നഗ്നപാദയായി ഓട്ടം തുടർന്നു. ഛത്രപതി ശിവജി മഹാരാജ് ചൗക്കിൽ നിന്ന് ആരംഭിച്ച് ഭാഗ്യനഗർ ചൗക്കിൽ അവസാനിച്ച മാരത്തണിൽ, റോഡിലെ കല്ലുകളും കഠിനമായ പ്രതലവും വകവെക്കാതെ കായികതാരങ്ങളായ മറ്റ് യുവതികളെയെല്ലാം പിന്നിലാക്കി അവർ മുന്നേറി.
നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ കാണികളുടെ വലിയ കൈയടികൾക്കും ആർപ്പുവിളികൾക്കുമിടയിൽ ഒന്നാമതായി രമാബായ് ഫിനിഷ് ലൈൻ തൊട്ടു. മക്കളുടെ വിദ്യാഭ്യാസത്തിനായുള്ള ആ തുക കൈപ്പറ്റുമ്പോൾ ഈ അമ്മയുടെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറഞ്ഞുനിൽക്കുകയായിരുന്നു. നഗ്നപാദയായി ഓടി വിജയം വരിച്ച രമാബായുടെ വിഡിയോയും ചിത്രങ്ങളും നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അമ്മയുടെ സ്നേഹത്തിനും ത്യാഗത്തിനും മുന്നിൽ മറ്റൊന്നും തടസ്സമല്ലെന്ന് തെളിയിച്ച രമാബായ്ക്ക് അഭിനന്ദനപ്രവാഹമാണ് നാനാഭാഗത്തുനിന്നും ലഭിക്കുന്നത്.











