സ്വന്തം ആഭ്യന്തര അരക്ഷിതാവസ്ഥ മറച്ചുവെക്കാനും ബലൂചിസ്ഥാനിലെ സായുധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇന്ത്യയാണെന്ന് വരുത്തിത്തീർക്കാനുമായി പുതിയ പ്രചാരണ തന്ത്രവുമായി പാകിസ്താൻ. പതിറ്റാണ്ടുകളായി ബലൂച് വിഷയത്തിൽ ഇന്ത്യയ്ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന പാകിസ്താൻ, ഇപ്പോൾ ഭരണകൂടത്തിന്റെ ഔദ്യോഗിക രേഖകളിലും ഭാഷാ പ്രയോഗങ്ങളിലും തന്നെ ഈ ആരോപണത്തെ വ്യവസ്ഥാപിതമാക്കാൻ ശ്രമിക്കുകയാണ്. ബലൂചിസ്ഥാനിൽ പ്രവർത്തിക്കുന്ന വിഘടനവാദ സായുധ സംഘങ്ങളെ ഔദ്യോഗികമായി ‘ഫിത്‌ന അൽ-ഹിന്ദുസ്ഥാൻ’ എന്ന് അഭിസംബോധന ചെയ്യാൻ പാക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുകയാണ്.
സൈനിക നടപടികളിലും ഔദ്യോഗിക വാർത്താക്കുറിപ്പുകളിലും നിരന്തരം ഈ പദം ഉൾപ്പെടുത്തിക്കൊണ്ട്, ബലൂചിസ്ഥാനിലെ പ്രശ്നം പാകിസ്താന്റെ സ്വന്തം ആഭ്യന്തര രാഷ്ട്രീയ പരാജയമല്ലെന്നും ഇന്ത്യ നടത്തുന്ന സ്പോൺസേഡ് നീക്കമാണെന്നും അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇസ്ലാമാബാദ് ലക്ഷ്യമിടുന്നത്.
പാകിസ്താൻ രൂപീകരണ കാലം മുതൽ തന്നെ പ്രവിശ്യാ സ്വയംഭരണം, വിഭവങ്ങളുടെ മേലുള്ള നിയന്ത്രണം, ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയങ്ങൾ, നിർബന്ധിത തിരോധാനങ്ങൾ എന്നിവ ഉയർത്തി ബലൂചിസ്ഥാനിൽ ശക്തമായ രാഷ്ട്രീയ-സായുധ പോരാട്ടങ്ങൾ നിലനിൽക്കുന്നുണ്ട്.
എന്നാൽ ഈ ചരിത്ര യാഥാർത്ഥ്യങ്ങളെയും സ്വന്തം വീഴ്ചകളെയും പൂർണ്ണമായി മറച്ചുവെച്ച് കുറ്റം മുഴുവൻ ഇന്ത്യയുടെ മേൽ ചാർത്താനാണ് പാക് ഭരണകൂടം ശ്രമിക്കുന്നത്. ഭീകരവാദത്തിനെതിരെ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഉയർത്തുന്ന ശക്തമായ നയതന്ത്ര നീക്കങ്ങളെ പ്രതിരോധിക്കാൻ ‘ഇന്ത്യയും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു’ എന്ന വ്യാജ സമാനത സൃഷ്ടിക്കുകയാണ് ഇതിലൂടെ പാകിസ്താന്റെ മറ്റൊരു ലക്ഷ്യം. മതപരമായ പദാവലികൾ ഉപയോഗിച്ച് പാകിസ്താൻ നടത്തുന്ന ഈ ഭരണകൂട സ്പോൺസേഡ് വ്യാജ പ്രചാരണത്തിനെതിരെ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി അംബാസഡർ പർവ്വതനേനി ഹരീഷ് ശക്തമായ തിരിച്ചടി നൽകിയിരുന്നു.
ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) കേന്ദ്രമായ ഗ്വാദർ ഉൾപ്പെടുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ബലൂചിസ്ഥാൻ. ഇറാൻ, അഫ്ഗാനിസ്ഥാൻ അതിർത്തികളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ മേഖലയിൽ പാക് സേനയ്ക്ക് നേരെയും ചൈനീസ് ഉദ്യോഗസ്ഥർക്ക് നേരെയും നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. പ്രാദേശികമായ ജനരോഷവും രാഷ്ട്രീയ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് പകരം എല്ലാറ്റിനും പിന്നിൽ ഇന്ത്യയാണെന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നത് പാകിസ്താന്റെ ആഭ്യന്തര പ്രതിസന്ധി കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. വസ്തുതാപരമായ തെളിവുകൾക്ക് പകരം ഔദ്യോഗിക ഭാഷയിലൂടെ ഒരു രാജ്യത്തെ മുൻകൂട്ടി കുറ്റപ്പെടുത്തുന്ന പാകിസ്താന്റെ ഈ നാടകത്തെ അന്താരാഷ്ട്ര തലത്തിൽ നയതന്ത്രപരമായി തുറന്നുകാട്ടാനാണ് ഇന്ത്യയുടെ തീരുമാനം.











