ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകസ്ഥാനത്ത് മാറ്റം വേണമെന്ന ശക്തമായ ആവശ്യവുമായി മുൻ ഇന്ത്യൻ താരം സദഗോപൻ രമേഷ്. നിലവിലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് പകരം മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ സിഎസ്കെയുടെ നായകനാക്കണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്.
തുടർച്ചയായ മൂന്ന് സീസണുകളിൽ പ്ലേഓഫ് കാണാതെ പുറത്തായ അഞ്ച് തവണ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിന് ടീമിൽ വലിയ അഴിച്ചുപണികൾ നടത്തേണ്ട സാഹചര്യമാണുള്ളത്. 2026 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിൽ നിന്ന് സിഎസ്കെയിലെത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനത്തോടെ ടീമിന്റെ ടോപ് സ്കോററായിരുന്നു. എന്നാൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിന് ബാറ്റിംഗിൽ ഫോം കണ്ടെത്താനാകാതെ പോയതും പവർപ്ലേയിലെ കുറഞ്ഞ സ്ട്രൈക്ക് റേറ്റും ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചു.
ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് സിഎസ്കെ ആലോചിക്കുന്നുണ്ടെങ്കിൽ സഞ്ജുവിനെ തീർച്ചയായും പരിഗണിക്കണമെന്ന് സദഗോപൻ രമേഷ് ചൂണ്ടിക്കാട്ടി. മികച്ചൊരു ടീം പ്ലെയറായ സഞ്ജുവിന് രാജസ്ഥാൻ റോയൽസിനെ 66 മത്സരങ്ങളിൽ നയിച്ച് ഫൈനലിലും പ്ലേഓഫിലും എത്തിച്ച മികച്ച റെക്കോർഡുണ്ട്. അതേസമയം ക്യാപ്റ്റനെ മാറ്റിയതുകൊണ്ടു മാത്രം കിരീടം നേടാനാകില്ലെന്നും മറ്റ് നിരവധി കാര്യങ്ങളിൽ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻ സിഎസ്കെ താരം സുബ്രഹ്മണ്യം ബദരീനാഥും ഗെയ്ക്‌വാദിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. നായകന്റെ സമ്മർദ്ദമില്ലാതെ സ്വതന്ത്രമായി ബാറ്റ് ചെയ്യാൻ ഗെയ്ക്‌വാദിന് അവസരം നൽകുന്നത് താരത്തിനും ടീമിനും ഒരുപോലെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. സ്റ്റീഫൻ ഫ്ലെമിംഗ് പരിശീലക സ്ഥാനം ഒഴിഞ്ഞതും എം.എസ്. ധോണിയുടെ തുടർന്നുള്ള പങ്കാളിത്തത്തിലെ അനിശ്ചിതത്വവും നിലനിൽക്കെ, അടുത്ത സീസണിൽ സിഎസ്കെ നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും.












