യാഥാർത്ഥ്യവും ഉപഗ്രഹ ചിത്രങ്ങളും കൺമുന്നിൽ നിൽക്കെ, കൃത്രിമബുദ്ധി (എഐ) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ആനിമേഷൻ വീഡിയോയിലൂടെ യുദ്ധം ജയിച്ചെന്ന് വരുത്തിത്തീർക്കാൻ പാകിസ്ഥാന്റെ പരിഹാസ്യമായ ശ്രമം. വ്യോമസേനാ ദിനത്തോട് അനുബന്ധിച്ച് പാക് വ്യോമസേനയുടെ മീഡിയ വിഭാഗം പുറത്തുവിട്ട ‘ഫിസാഓൻ കേ പാസ്ബാൻ’ എന്ന പ്രചാരണ വീഡിയോയിലാണ് ഇന്ത്യയുടെ പാർലമെന്റും ഐഎൻഎസ് വിക്രാന്തും തകർത്തെന്നതടക്കമുള്ള അതിശയോക്തിപരമായ അവകാശവാദങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
2025 മേയിലെ സംഘർഷത്തിനിടെ ഇന്ത്യയുടെ രണ്ട് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും, 32 ഇന്ത്യൻ വ്യോമതാവളങ്ങൾ ആക്രമിച്ച് നാല് റഫാൽ ഉൾപ്പെടെയുള്ള അത്യാധുനിക യുദ്ധവിമാനങ്ങൾ തകർത്തെന്നുമാണ് വീഡിയോയിലെ മുഖ്യ പ്രചാരണം. എന്നാൽ ഇത്രയധികം അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും ഇന്ത്യയിലെ റൺവേകൾക്കോ താവളങ്ങൾക്കോ നാശനഷ്ടം സംഭവിച്ചതിന്റെ ഒരു ഉപഗ്രഹ ചിത്രമോ യഥാർത്ഥ ദൃശ്യങ്ങളോ പുറത്തുവിടാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനിലെ ഒൻപത് ഭീകര ക്യാമ്പുകളും പതിനൊന്ന് സൈനിക താവളങ്ങളും തകർത്തതിന്റെ യഥാർത്ഥ ദൃശ്യങ്ങളും കൃത്യമായ ഉപഗ്രഹ തെളിവുകളും ഇന്ത്യ ലോകത്തിന് മുന്നിൽ പങ്കുവെച്ചിരുന്നു. ഭോലാരി, സർഗോധ, നൂർ ഖാൻ തുടങ്ങിയ പാക് വ്യോമതാവളങ്ങളിൽ ഉണ്ടായ കനത്ത നാശനഷ്ടങ്ങൾ വാഷിംഗ്ടൺ പോസ്റ്റ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും സ്വതന്ത്ര ഇന്റലിജൻസ് ഏജൻസികളും അന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, പാകിസ്ഥാൻ തകർത്തുവെന്ന് അവകാശപ്പെട്ട അതേ എസ്-400 സംവിധാനത്തിന് മുന്നിൽ നിന്നുതന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദംപൂർ എയർഫോഴ്സ് സ്റ്റേഷനിൽ സേനാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പാക് നുണകൾ മുൻപേ തുറന്നുകാട്ടിയതുമാണ്.








