ജപ്പാനിലെ ഐചി-നഗോയയിൽ ആരംഭിക്കാനിരിക്കുന്ന 2026 ഏഷ്യൻ ഗെയിംസിനെത്തിയ കായികതാരങ്ങൾ കടുത്ത ദുരിതത്തിൽ. ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് താമസ സൗകര്യവും യാത്രാ സംവിധാനങ്ങളും ലഭിക്കാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 19-ന് ഉദ്ഘാടനച്ചടങ്ങ് നടക്കാനിരിക്കെയാണ് സംഘാടകരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചകൾ പുറത്തുവന്നിരിക്കുന്നത്.
കമ്പ്യൂട്ടർ സിസ്റ്റം തകരാറിലായതിനെ തുടർന്ന് താരങ്ങളുടെ വിവരങ്ങൾ കൃത്യസമയത്ത് ലഭ്യമാകാതെ വരികയും, ഇത് വിമാനത്താവളത്തിലും മറ്റും നീണ്ട കാത്തിരിപ്പിന് കാരണമാവുകയും ചെയ്തു. ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം വിമാനത്താവളത്തിലും മറ്റും കുടുങ്ങിക്കിടക്കുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസ് ഇന്ത്യ ആയിരുന്നു കളിച്ചത് എങ്കിൽ സംഘടിപ്പിച്ചത് എങ്കിൽ, ഈ സൗകര്യങ്ങൾ ആയിരുന്നു നമ്മുടെ രാജ്യം കൊടുത്തത് എങ്കിൽ എന്തൊക്കെ കോലാഹലങ്ങൾ ഉയരുമായിരുന്നു? ലോക രാജ്യങ്ങൾക്കിടയിൽ നമ്മളെ എത്രമാത്രം നമ്മളെ അപമാനിക്കുമായിരുന്നു? ഈ ചോദ്യങ്ങൾക്കും പ്രസക്തി കൂടുകയാണ്.
ഐചി-നഗോയ ഗെയിംസിൽ പങ്കെടുക്കുന്നതിനായി 269 പുരുഷന്മാരും 234 സ്ത്രീകളും അടക്കം ആകെ 503 കായികതാരങ്ങളും സപ്പോർട്ട് സ്റ്റാഫും ഉദ്യോഗസ്ഥരുമുൾപ്പെടെ 768 പേരാണ് ഇന്ത്യയിൽ നിന്ന് ജപ്പാനിലെത്തിയിരിക്കുന്നത്. എന്നാൽ നഗോയയിലെത്തിയ പല രാജ്യങ്ങളിലെയും കായികതാരങ്ങൾക്ക് താമസസ്ഥലത്തേക്ക് സമയബന്ധിതമായി പോകാൻ സാധിച്ചില്ല. ചില ഇന്ത്യൻ കായികതാരങ്ങൾക്ക് 12 മണിക്കൂറിലധികം സമയം കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ടുകൾ പറയുന്നു. പരമ്പരാഗത രീതിയിലുള്ള അത്‌ലറ്റ്സ് വില്ലേജിന് പകരമായി ക്രൂയിസ് കപ്പലുകൾ, ഹോട്ടലുകൾ, താൽക്കാലിക കണ്ടെയ്നർ ശൈലിയിലുള്ള സംവിധാനങ്ങൾ എന്നിവയാണ് താമസത്തിനായി സംഘാടകർ ഒരുക്കിയിരിക്കുന്നത്.
എന്നാൽ ഈ സംവിധാനങ്ങൾ അപര്യാപ്തമാണെന്നും മോശമാണെന്നുമുള്ള പരാതികൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ താമസ സൗകര്യങ്ങൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. മത്സരങ്ങൾക്ക് തൊട്ടുമുമ്പ് കായികതാരങ്ങൾ നേരിടേണ്ടിവന്ന ഈ ദുരിതം ഗെയിംസിന്റെ സംഘാടനത്തെക്കുറിച്ചുള്ള വലിയ ആശങ്കകളാണ് ഉയർത്തിക്കാട്ടുന്നത്.












