“ആ വിമർശനങ്ങൾ എന്നെ ബാധിക്കില്ല, കളിയിൽ മാത്രമാണ് ശ്രദ്ധ” ന്യൂസിലൻഡിനെതിരായ ആവേശകരമായ ടി20 പോരാട്ടത്തിലെ വിജയത്തിന് ശേഷം മലയാളി താരം സഞ്ജു സാംസൺ പറഞ്ഞ വാക്കുകൾ പെട്ടെന്നുതന്നെ ശ്രദ്ധ നേടി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 226 റൺസ് എന്ന കൂറ്റൻ ലക്ഷ്യം മറികടന്ന് ഇന്ത്യ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് സഞ്ജു തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. മത്സരത്തിൽ 33 പന്തിൽ നിന്ന് 67 റൺസ് നേടി ഇന്ത്യയുടെ വിജയത്തിന് കരുത്തുറ്റ തുടക്കമാണ് സഞ്ജു സമ്മാനിച്ചത്.
മറ്റുള്ളവരെ എന്തെങ്കിലും തെളിയിച്ചു കാണിക്കാനല്ല താൻ കളിക്കുന്നതെന്നും പുറത്തുനിന്നുള്ള വിമർശനങ്ങൾക്കും സോഷ്യൽ മീഡിയ പ്രതികരണങ്ങൾക്കും ചെവി കൊടുക്കാതെ സ്വന്തം പ്രകടനത്തിലും തയ്യാറെടുപ്പുകളിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സഞ്ജു പറഞ്ഞു. ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോൾ ഒരുപാട് അഭിപ്രായങ്ങളും സമ്മർദ്ദങ്ങളും നേരിടേണ്ടി വരുമെന്നും, എന്നാൽ നിയന്ത്രിക്കാൻ കഴിയുന്ന കാര്യങ്ങളിൽ മാത്രം ശ്രദ്ധ ചെലുത്തി പ്രക്രിയയിൽ വിശ്വസിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പവർപ്ലേയിലും മിഡിൽ ഓവറുകളിലും ആക്രമിച്ചു കളിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ ശൈലിയെ സഞ്ജു പിന്തുണച്ചു. 2024 ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യ പിന്തുടരുന്ന ഈ ആക്രമണാത്മക സമീപനമാണ് ഇത്തരം വലിയ റൺ ചേസുകൾ എളുപ്പമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ താരം, ചിലപ്പോഴൊക്കെ വിചാരിച്ച ഫലം ലഭിച്ചില്ലെങ്കിലും ടീം ഈ ശൈലിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കൂട്ടിച്ചേർത്തു.











