ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി സമ്മാനിച്ച് മുൻനിര വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായി. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന മത്സരത്തിൽ 181 റൺ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് 8 .4 ഓവറിൽ 56 റൺസെടുക്കുന്നതിനിടെ മൂന്ന് പ്രധാന വിക്കറ്റുകളാണ് നഷ്ടമായത്. ആദ്യ മത്സരത്തിലെ ഹീറോ ആയിരുന്ന മലയാളി താരം സഞ്ജു സാംസണും ഇഷാൻ കിഷന് പകരം ടീമിൽ ഇടംനേടിയ വൈഭവ് സൂര്യവംശിയും, പിന്നാലെ ഓപ്പണർ അഭിഷേക് ശർമ്മയുടെയും വിക്കറ്റുകൾ നഷ്ടമായതാണ് ഇന്ത്യയെ തുടക്കത്തിൽ തന്നെ പ്രതിരോധത്തിലാക്കിയത്.
ആദ്യ മത്സരത്തിൽ അർദ്ധസെഞ്ചുറിയോടെ തിളങ്ങിയ സഞ്ജു സാംസൺ ഇത്തവണ 17 പന്തിൽ നിന്ന് ഒരു ഫോറും ഒരു സിക്സും അടക്കം 14 റൺസ് മാത്രമെടുത്ത് മടങ്ങി. ജേക്കബ് ഡഫിയുടെ സ്ലോവർ പന്തിൽ വലിയ ഷോട്ടിന് ശ്രമിച്ച സഞ്ജു കവർ പോയിന്റിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇഷാന് പകരം പ്ലേയിംഗ് ഇലവനിൽ എത്തിയ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി എട്ട് പന്തിൽ നിന്ന് വെറും 4 റൺസെടുത്ത് നേഥൻ സ്മിത്തിന്റെ പന്തിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
ഒരു ഘട്ടത്തിലും ക്രീസിൽ താളം കണ്ടെത്താൻ സാധിക്കാതിരുന്ന വൈഭവ് ഡ്രൈവിന് ശ്രമിച്ചാണ് വിക്കറ്റ് ദാനം ചെയ്തത്. പിന്നാലെ സമ്മർദ്ദത്തിലായ ഇന്ത്യക്കായി വമ്പൻ ഷോട്ടിന് ശ്രമിച്ച അഭിഷേക് സാന്റ്നറുടെ പന്തിൽ വമ്പൻ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് കളയുകയായിരുന്നു. താരം 27 റൺസാണ് നേടിയത്. നിലവിൽ ശ്രേയസ് അയ്യർ- അക്സർ പട്ടേൽ കൂട്ടുകെട്ടാണ് ക്രീസിൽ നിൽക്കുന്നത്.











