ഡല്‍ഹി: നേതാജി സുഭാഷ്ചന്ദ്ര ബോസുമായി ബന്ധപ്പെട്ട കൂടുതല്‍ ഫയലുകള്‍ വെള്ളിയാഴ്ച പുറത്തുവിടും. സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മയാണ് 25 ഫയലുകള്കൂടി പുറത്തുവിടുന്നത്. കഴിഞ്ഞമാസം നേതാജിയുമായി ബന്ധപ്പെട്ട 50 ഫയലുകള്‍ പുറത്തുവിട്ടിരുന്നു. നേതാജിയുടെ 119-ാം ജന്മദിനമായിരുന്ന ജനുവരി 23ന് നൂറിലധികം രഹസ്യഫയലുകള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വെളിപ്പെടുത്തലുകള്‍ക്കു തുടക്കംകുറിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രണ്ടു ഫയലുകള്‍ കാണാനില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം ലോക്സഭയെ അറിയിച്ചിരുന്നു. ഇതില്‍ ഒരെണ്ണം പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നും മറ്റൊന്ന് ആഭ്യന്തരമന്ത്രാലയത്തില്നിന്നുമാണ് കാണാതായിരിക്കുന്നതെന്നും ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു ലോക്സഭയില്‍ പറഞ്ഞിരുന്നു.
നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജപ്പാന്റെ കൈവശമുള്ള രേഖകള്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിവിടുമെന്ന് ജാപ്പനീസ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ കൈവശമുള്ള അഞ്ചു രേഖകളില്‍ രണ്ടെണ്ണമാകും പുറത്തുവിടുക.
Discussion about this post