ഡല്‍ഹി: ഹെലികോപ്ടര്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ തനിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്കിയ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഇത് കോണ്‍ഗ്രസിന്റെ നീചമായ പ്രവൃത്തിയാണെന്നും താന്‍ അവരെ നിയമം പഠിപ്പിക്കുമെന്നും സ്വാമി പറഞ്ഞു. എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് മുഖം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മൂലം കോണ്‍ഗ്രസ് അസ്വസ്ഥരാണ്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിനെതിരെ നിയമ പോരാട്ടം നടത്തി. പാര്‍ലമെന്റില്‍ അവരെ തുറന്നുകാട്ടി. നോട്ടിസിന്റെ അടിസ്ഥാനത്തില്‍ താന്‍ അവര്‍ക്ക് രേഖകള്‍ നല്‍കും. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസില്‍ രേഖകളുടെ അടിസ്ഥാനത്തിലല്ല താന്‍ സംസാരിക്കുന്നതെന്നായിരുന്നു ആദ്യം കോണ്‍ഗ്രസ് പറഞ്ഞത്. രേഖകള്‍ നല്കയപ്പോള് അത് വ്യജമാണെന്നാണ് ഇപ്പോള്‍ പറയുന്നത്. താന്‍ അവരെ നിയമം പഠിപ്പിക്കും.കാരണം അവര്‍ക്ക് നിയമം അറിയില്ലെന്നും സ്വാമി പറഞ്ഞു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയില്‍ സുബ്രഹ്മണ്യന് സ്വാമിയും പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസില്‍നിന്നുള്ള ജയറാം രമേശ് രാജ്യസഭയില്‍ അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയത്.
Discussion about this post