സുധീര്‍ ഏരൂര്‍
എത്രയും ബഹുമാനപ്പെട്ട ജ:കമാല്‍ പാഷ സാര്‍,
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കൊട്ടിക്കലാശം വെറും കോപ്രായമാണ് എന്നും ഇത് അവസാനിപ്പിക്കണം എന്നുമുള്ള അങ്ങയുടെ അഭിപ്രായം പത്രങ്ങളില്‍ വായിച്ചു.. ന്യായാധിപന് എന്ന നിലയില്‍ അങ്ങയെ അങ്ങേയറ്റം ബഹുമാനിക്കുന്നതിനോടൊപ്പം തന്നെ ഈ വിഷയത്തില്‍ അങ്ങയോട് 100 ശതമാനം വിയോജിപ്പ് രേഖപ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു..
ജനാധിപത്യപ്രക്രിയയുടെ ജീവനാണ് തെരഞ്ഞെടുപ്പ് എന്ന വസ്തുതയോട് അങ്ങ് വിയോജിക്കില്ല എന്ന് കരുതുന്നു.. പൂര്‍ണമായും ജനാധിപത്യരീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് പ്രചരണം എന്ന കാര്യത്തിലും അങ്ങേയ്ക്ക് മറിച്ചൊരഭിപ്രായം ഉണ്ടാകാനിടയില്ലല്ലോ… കാലാകാലങ്ങളായി മൈക്ക് വെച്ചുകെട്ടിയ വാഹനങ്ങളിലും കവലപ്രസംഗങ്ങളിലൂടെയും നടന്ന പ്രചാരവേലകള്‍ ആധുനികസാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഫലമായി സാമൂഹ്യമാധ്യമങ്ങളിലൂടെയും സജീവമാകുന്നുണ്ട്. എങ്കിലും ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ക്കിടയിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം ഈ മൈക്കും പ്രസംഗവും ഒക്കെത്തന്നെയാണ് എന്ന സത്യം പരീക്ഷിച്ചറിഞ്ഞവരാണ് നമ്മള്.. അതുകൊണ്ട് തന്നെയാണ് ഇവയെ അംഗീകൃത പ്രചരണോപാധികളായി തെരഞ്ഞെടുപ്പുകമ്മീഷന് അടക്കമുള്ള നിയമനിര്‍വഹണ കേന്ദ്രങ്ങള്‍ പരിഗണിച്ചിട്ടുള്ളത്.. പോയകാലങ്ങളില്‍ ഒന്നോ രണ്ടോ പ്രചരണവാഹനങ്ങള്‍ എന്നത് ഇപ്പോള്‍ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. പക്ഷെ വര്‍ദ്ധിച്ചുവരുന്ന വോട്ടര്‍മാരുടെ എണ്ണം അടിസ്ഥാനമാക്കി പരിശോധിച്ചാല്‍ ഇത് തികച്ചും സ്വാഭാവികമാണ് എന്നും മനസ്സിലാക്കാം…
സ്വാഭാവികനിലയില്‍ അഞ്ചുവര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ഒരു പ്രക്രിയയാണ് തെരഞ്ഞെടുപ്പ്.. ഇതിനോടനുബന്ധിച്ചുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കും അതുകൊണ്ട് തന്നെ ഒരു സ്ഥിരസാന്നിദ്ധ്യസ്വഭാവം സമൂഹത്തിലില്ല.. തെരഞ്ഞെടുപ്പുകള്‍ സംഭവിക്കുമ്പോള്‍ മാത്രമേ പ്രചാരണവും ഉണ്ടാകുന്നുള്ളൂ.. പ്രചാരണത്തിന്റെ സ്വാഭാവികപരിണാമം മാത്രമാണ് കൊട്ടിക്കലാശം.. അത്രയും നാള് സജീവമായി പ്രചാരണ രംഗത്ത് ഏര്‍പ്പെട്ടിരുന്നവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമായി പര്യവസാനിപ്പിക്കാനുള്ള ഒരു വേദി തന്നെയാണ് കൊട്ടിക്കലാശം എന്ന പരിപാടി.. അതില്‍ പങ്കെടുക്കുന്നവര്‍ സാധാരണക്കാരില്‍ സാധാരണക്കാര്‍ ആയതു കൊണ്ടും അവരില്‍ സമൂഹത്തിന്റെ വെണ്ണപ്പാളികളില്‍ മേവുന്നവര്‍ ഇല്ലാത്തതുകൊണ്ടും ആ കൊട്ടിക്കലാശത്തില്‍ അല്പം അതിഭാവുകത്വവും ആവേശവും ഉണ്ടാകുക സ്വാഭാവികം.. ബന്ദോ ഹര്‍ത്താലോ സംഭവിക്കുന്നത് പോലെ രാവിലെ പ്രഖ്യാപിച്ച് ഉച്ചയ്ക്കോ വൈകീട്ടോ നടപ്പാക്കുന്ന ഒന്നല്ല ഇത്.. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്ത്തന്നെ പ്രചാരണം അവസാനിപ്പിക്കാനുള്ള തീയതിയും സമയവും വരെ അതില്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുണ്ടാവും.. തെരഞ്ഞെടുപ്പിന്റെ തലേന്നിന്റെ തലേന്ന് വൈകീട്ട് പ്രചാരണത്തിന്റെ കൊട്ടിക്കലാശം എന്ന വസ്തുത ഒരിക്കലെങ്കിലും വോട്ടുചെയ്തിട്ടുള്ള ഏതു വ്യക്തിക്കും അറിയാവുന്ന കാര്യവുമാണ്.. വസ്തുതകള്‍ ഇങ്ങനെയോക്കെയായിരിക്കെ, തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം എന്നത് വെറും കോപ്രായമാണ് എന്നും സാംസ്കാരിക കേരളത്തിന്റെ അധപതനമാണ് എന്നുമൊക്കെയുള്ള അങ്ങയുടെ വ്യക്തിപരമായ അഭിപ്രായത്തെ തികച്ചും യുക്തിരഹിതം എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരുന്നതില്‍ അതിയായ ഖേദമുണ്ട്.. തെരഞ്ഞെടുപ്പ് എന്ന പ്രക്രിയയ്ക്കും പ്രചാരണം എന്ന പ്രവര്‍ത്തനത്തിനും ഉള്ള പ്രാധാന്യം തന്നെ പ്രവര്‍ത്തനങ്ങളുടെ സമാപനത്തിനുമുണ്ട്… അത് തങ്ങളുടേതായ രീതിയില്‍ ആഘോഷപൂര്‍വ്വം നിയമം ഒട്ടും തെറ്റിക്കാതെ തന്നെ നടപ്പാക്കുന്നതില്‍ സാംസ്കാരിക അധപതനം ദര്‍ശിച്ച അങ്ങയുടെ വീക്ഷണത്തോട് അളവില്ലാത്ത ഖേദവുമുണ്ട്. മാത്രമല്ല, ഇത്തവണത്തെ പ്രചാരണ സമാപനത്തോടനുബന്ധിച്ചുണ്ടായ വാഹനക്കുരുക്കില്‍ അങ്ങും പെട്ടുപോയതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ ഇതിനെതിരെ ഇത്തരമൊരു നിലപാടുമായി എത്താന്‍ അങ്ങ് തയാറായത് എന്ന് മനസ്സിലാക്കുന്നു.. 2016 മെയ് 14 ശനിയാഴ്ച വൈകീട്ട് ആറുമണിയ്ക്ക് കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം അവസാനിക്കും എന്ന കാര്യം തെരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ത്തന്നെ ഉണ്ട് എന്ന കാര്യം മുകളില്‍ സൂചിപ്പിച്ചിട്ടുണ്ടല്ലോ.. ആ നിലയ്ക്ക് അങ്ങ് പങ്കെടുക്കാന്‍ ഉദ്ദേശിച്ച ചടങ്ങ്, ഈ ദിവസം ഈ സമയത്ത് നഗരമധ്യത്തില്‍ നടത്താന്‍ തീരുമാനിച്ച ഇതിന്റെ സംഘാടകരെയാണ് ആദ്യം പഴിക്കേണ്ടിയിരുന്നത്.. കൊട്ടിക്കലാശത്തിന്റെ മുന്കാലരീതികളും ശൈലിയും ബോധ്യമുള്ള അങ്ങയെപ്പോലെ അറിവും വിവരവും വിവേകവും പദവിയുമുള്ള ഒരു ന്യായാധിപന് ഇതിനോടനുബന്ധിച്ച് ഗതാഗതക്കുരുക്ക് ഉണ്ടാകും എന്നറിയാതെ പോയി എന്ന വാദം അയുക്തിപൂര്ണമാണ്.. തീര്‍ച്ചയായും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഒരു വ്യക്തിയുടെ മൌലികാവകാശമാണ്.. പക്ഷെ ഈ അവകാശങ്ങളെ കാത്തു സൂക്ഷിക്കുന്ന ജനാധിപത്യസംവിധാനത്തില്‍ ഉള്‍പ്പെടുന്ന തെരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായ പ്രചാരണസമാപനം നിരോധിക്കണം എന്ന വാദത്തില്‍ ജനാധിപത്യത്തിന്റെ ധ്വംസനമാണ് കാണുവാന്‍ സാധിക്കുന്നത്.. എല്ലാ സ്വാതന്ത്ര്യങ്ങളും നമുക്ക് അനുവദിച്ച് തരുന്ന ജനാധിപത്യഭരണസംവിധാനത്തിന്റെ ഒരു ഘടകം കോപ്രായവും അധപതനവും ആകും എന്ന വാദം തന്നെ പരിഷ്കൃതസമൂഹത്തിനു യോജിച്ചതാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.. ഈ നിലപാട് ശരിവച്ചു തന്നാല്‍ നാളെ മൈക്ക് കെട്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഈ അധപതനം പലരും വ്യാഖ്യാനിക്കും എന്ന ഭയം ഉള്ളിലുണ്ടാകുന്നു. ഞാനും എന്റെ വാഹനവും എന്റെ ജീവിതവും ഒരു തടസ്സവും ഇല്ലാതെ നീങ്ങിക്കൊണ്ടേയിരിക്കണം എന്ന നിലപാട് സമൂഹത്തെ അതിന്റെ എല്ലാ ഘടകങ്ങളോടും കൂടി ഉള്‍ക്കൊള്ളുന്ന വ്യക്തിയ്ക്ക് ഭൂഷണമല്ല.. സാധാരണക്കാരന്റെ വികാപ്രകടനത്തെ സാമൂഹിക അധപതനമായി ചിത്രീകരിക്കുന്ന ചിന്ത വരേണ്യവര്‍ഗ്ഗത്തിന്റെ മുഖമുദ്രയാണ്… ഇത്തരം കൊട്ടിക്കലാശങ്ങള്‍ തെരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ഥമായി ഇടപഴകി അതിനെ ഒരാഘോഷമാക്കി മാറ്റുന്ന സാധാരണക്കാരന്റെ മാനസികവ്യാപാരത്തിന്റെ നേര്‍ക്കാഴ്ചയാണ്.. പാശ്ചാത്യശൈലിയില്‍ കോട്ടും സൂട്ടുമിട്ട അടിമുടി കൃത്രിമത്വം നിറഞ്ഞ പ്രസംഗങ്ങളും പ്രചാരണരീതികളുമാണ് ഇന്നാട്ടിലും ഉണ്ടാകേണ്ടത് എന്ന് ആഗ്രഹിക്കുന്ന ,സമൂഹത്തിലെ സ്വയംപ്രഖ്യാപിത മേല്‍ത്തട്ടുകാരുടെ സ്വരമാണ് അങ്ങയുടെ ഈ വാക്കുകളിലൂടെ പുറത്തു വന്നത് എന്ന് പറയേണ്ടി വരുന്നു.. താങ്കള്‍ക്ക് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നു എങ്കിലും അതിനു ഉത്തരവാദികള്‍ ആ പരിപാടിയുടെ സംഘാടകരും അവിടെ വേണ്ട രീതിയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് ഗതാഗത സൗകര്യം ഉറപ്പു വരുത്തുന്നതില്‍ പരാജയപ്പെട്ട പോലീസ് കേന്ദ്രങ്ങളുമാണ് എന്ന് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.. സത്യസന്ധനും കര്‍ക്കശക്കാരനുമായ ന്യായാധിപന് എന്ന രീതിയില്‍ എല്ലാ ബഹുമാനവും ആദരവും അങ്ങേയ്ക്ക് നല്കുന്നു..
വിയോജിക്കേണ്ടി വന്നതില്‍ ഖേദത്തോടെ….,
ഒരു ജനാധിപത്യവിശ്വാസി
(നിലപാടില്‍ വരുന്ന അഭിപ്രായങ്ങളും, നിലപാടുകളും അത് എഴുതുന്ന ലേഖകന്റേത് മാത്രമാണ്. ബ്രേവ് ഇന്ത്യാ ന്യൂസിന്റെ എഡിറ്റോറിയല്‍ നിലപാടുകളുമായി അതിന് ബന്ധമില്ല. നിങ്ങള്‍ക്കും നിലപാട് എന്ന പംക്തിയില്‍ എഴുതാവുന്നതാണ്. ലേഖനം എഴുതി യുണികോഡ് ഫോണ്ടില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക.)
Discussion about this post