കൊല്‍ക്കത്ത: കൊല്‍ക്കത്തക്കെതിരെ നിര്‍ണായക മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് അനായാസ ജയം. 184 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ കൊഹ് ലിയും സംഘവും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒമ്പത് പന്ത് ശേഷിക്കെ വിജയിച്ചു. സ്‌കോര്‍: കൊല്‍ക്കത്ത 20 ഓവറില്‍ അഞ്ചിന് 183. ബാംഗ്‌ളൂര്‍ 18.3 ഓവറില്‍ ഒന്നിന് 186.
വിരാട് കോഹ്ലി(75), എബി ഡിവില്ലിയേഴ്‌സ് (59), ക്രിസ് ഗെയ്ല്‍(49) എന്നിവരുടെ മിന്നുന്ന പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിന് വിജയം സമ്മാനിച്ചത്. ക്രിസ് ഗെയ്ല്‍ വിരാട് കോഹ്ലി സഖ്യം ഒന്നാം വിക്കറ്റില്‍ 7.3 ഓവറില്‍ 71 റണ്‍സ് ചേര്‍ത്തു. 31 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 49 റണ്‍സെടുത്ത ഗെയ്‌ലിനെ സുനില്‍ നരെയ്ന്‍ എല്‍ബിയില്‍ കുരുക്കുകയായിരുന്നു.
പിന്നീടെത്തിയ ഡിവില്ലിയേഴ്‌സും കോഹ്ലിയും അഭേദ്യമായ 115 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തി. 51 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം കോഹ്ലി 75 റണ്‍സെടുത്തപ്പോള്‍ ഡിവില്ലിയേഴ്‌സ് 31 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 59 റണ്‍സെടുത്തു. വിജയത്തോടെ ബാംഗ്‌ളൂരിന്റെ പോയന്റ് 12 ആയി.
നേരത്തെ, ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെയും (51) മനീഷ് പാണ്ഡെയുടെയും (50) അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് കൊല്‍ക്കത്ത അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 എന്ന സ്‌ക്കോറിലെത്തിയത്.
Discussion about this post