ആറ്റിങ്ങല്‍ മാമം ദേശീയപാതയില്‍ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി സ്ഥാപിച്ചിരുന്ന കെടാവിളക്ക് പൊലീസ് തകര്‍ത്തതായി പരാതി. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് തഹസീല്‍ദാറിന്റെ നേതൃത്വത്തില്‍ പൊലീസ് കെടാവിളക്കും െ്രകട്ടിടവും തകര്‍ത്തത്. വിളക്ക് സ്ഥിതിചെയ്യുന്നത് റോഡ് അതോറിറ്റിയുടെ സ്ഥലത്ത് ആയതിനാല്‍ ഈ ഭാഗം ഒഴിയാന്‍ കളക്ടറുടെ ഉത്തരവ് ഉണ്ടായിരുന്നു. ഒഴിയാന്‍ കാലതാമസമെടുത്തതിനെ തുടര്‍ന്ന് രാത്രി ജെസിബി കൊണ്ടുവന്ന് വിളക്കും കെട്ടിടവും തകര്‍ക്കുകയായിരുന്നു,
അതേ സമയം തൊട്ട് അടുത്തുള്ള സ്ഥാപനങ്ങള്‍ക്ക് ഒഴിയാന്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പോലിസ് നടപടി സ്വീകരിച്ചിട്ടില്ല. കെടാവിളക്ക് മാറ്റാന്‍ മാത്രം പത്ത് ദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കലാഭവന്‍ മണി ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന അംഗങ്ങള്‍ പറഞ്ഞു. ഏത് പാതിരാത്രിയിലും ആംബുലന്‍സിനായി വിളിക്കുന്ന പൊലീസ് ഒരു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ അപ്പോള്‍ തന്നെ നമ്മള്‍ ആ കെടാവിളക്ക് കെടാതെ പുതിയ ഓഫിസിലേക്ക് മാറ്റുമായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. 21 ാം തിയതി പതിനാല് കലാകാരന്‍മാരെ ഉള്‍പ്പെടുത്തി ഒരു ഘോഷയാത്രയായി കെടാവിളക്ക് പുതിയ ഓഫിസിലേക്ക് മാറ്റാനിരിക്കുകയായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് ആയതിനാല്‍ അതുകഴിഞ്ഞ് ഒഴിഞ്ഞാല്‍ മതിയെന്ന് സ്ഥലം എംഎല്‍എ ഉള്‍പ്പെടെ പറഞ്ഞതു കൊണ്ടാണ് ഞങ്ങള്‍ അല്‍പം വൈകിയതെന്നും ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നുവെന്നും കലാഭവന്‍ മണി സേവനസമിതിയുടെ പ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post