തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകക്കേസ് സിറ്റി പോലീസ് കമ്മീഷണര്‍ ആര് നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പുതിയ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിക്ക് കത്തു നല്കി.ചന്ദ്രബോസ് കേസില്‍ തുടക്കം മുതല്‍ പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെ നിലവിലുള്ള അന്വേഷണ സംഘത്തിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റത്തിനായി ബന്ധുക്കള്‍ ശ്രമിക്കുന്നത്.
കൊലപാതകക്കേസില്‍ തോക്കിനായി തെരച്ചില്‍ നടത്തിയ പൊലീസ് നിസാമിന് തോക്ക് ലൈസന്‍സ് ഉണ്ടോയെന്ന് പരിശോധിച്ചില്ലെന്നതും നിസാമിന്റെ വാഹനം പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നതും പ്രധാന പാളിച്ചകളായി കണക്കാക്കുന്നു. കൂടാതെ ചന്ദ്രബോസിനെ നിസാം ആക്രമിക്കുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടിരുന്നെങ്കിലും തിരിച്ചറിയല്‍ പരേഡ് നടത്താന്‍ പോലീസ് തയ്യാറായില്ലെന്നതും നിസാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയില്ലെന്നതും കേസന്വേഷണത്തിലെ പാളിച്ചകളായി കണ്ടെത്തി.
കൊലപാതകക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെയും മാറ്റണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സബന്ധിച്ച് രണ്ട് ദിവസത്തിനകം നടപടിയുണ്ടായേക്കും . വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന് എന്നിവരുമായി ചന്ദ്രബോസിന്റെ ബന്ധുക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് പബ്ലിക് പ്രോസിക്യൂട്ടറായി സുരേശനെ നിയമിക്കാന്‍ തീരുമാനിച്ചത്.ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു സുരേശന്. നിലവില്‍ വരാപ്പുഴ പീഡന സംഭവത്തിലെ 28 കേസുകളിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറാണ്. ഇതുവരെ സര്‍ക്കാരില്‍ നിന്ന് ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റിയിട്ടില്ല. സൗമ്യ കേസില്‍ ഹൈക്കോടതിയിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു. പഴുതടച്ച് വാദം നടത്തുന്ന സുരേശന് കോടതിയില്‍ പരാജയപ്പെട്ട ചരിത്രമില്ല.
Discussion about this post