ലക്നൗ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത മാംസം ബീഫാണെന്ന് ഫോറന്ഡസിക് പരിശോധനയില്‍ തെളിഞ്ഞ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പുപറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്(വിഎച്ച്പി). ഫോറന്‍സിക് റിപ്പോര്‍ട്ട് യുപിഎ സര്‍ക്കാര്‍ ആറുമാസത്തോളം മനപ്പൂര്‍വം പൂഴ്ത്തുകയായിരുന്നു. അഖ്ലാഖിന്റെ വീട്ടില്‍നിന്ന് ബീഫ് കണ്ടെത്തിയില്ലെന്നാണ് സര്‍ക്കാര്‍ ഇത്രയും നാള് പറഞ്ഞിരുന്നത്. ഒടുവില്‍ സത്യം പുറത്തായെന്നും മുതിര്‍ന്ന വിഎച്ച്പി നേതാവ് സുരേന്ദ്ര ജയിന് പറഞ്ഞു.
മുഴുവന്‍ ഹിന്ദു സമുദായവും അസഹിഷ്ണുതയിലാണെന്ന് മുദ്രകുത്തപ്പെട്ടു. ഹിന്ദു സംഘടനകളെയും മോശം പ്രതിച്ഛായയില്‍ നിര്‍ത്താന്‍ ഈ സംഭവത്തെ ഉപയോഗിച്ചു. ഈ സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നവെന്ന് ആരോപിച്ച് അവാര്‍ഡുകള്‍ മടക്കി നല്കിയ ബോളിവുഡ് നടന്മാരായ ഷാറൂഖ് ഖാനും ആമിര്‍ഖാനും ഉള്‍പ്പെടെയുള്ളവരും മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മധുരയിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ ബീഫാണെന്ന് തെളിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബറില്‍ കണ്ടെടുത്ത ഇറച്ചി ആട്ടിറച്ചിയല്ലെന്നും ബീഫാണെന്നും കാട്ടി ലാബ് റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിച്ചു. ആട്ടിറച്ചിയെന്ന ഉത്തര്‍ പ്രദേശ് മൃഗക്ഷേമ വകുപ്പിന്റെ പരിശോധനാ ഫലം തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍.
Discussion about this post