മസ്കറ്റ്: എണ്ണവിതരണ കരാര്‍ നീട്ടിക്കിട്ടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയന്ന കേസില്‍ ഒമാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി വ്യവസായിയും മലയാളിയുമായ ഗള്‍ഫാര്‍ മുഹമ്മദാലി എന്ന ഡോ.ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന് മാസത്തോട് അനുബന്ധിച്ചുള്ള പൊതുമാപ്പിന്റെ ഭാഗമായാണ് മുഹമ്മദാലിയെ മോചിപ്പിച്ചത്. രണ്ട് വര്‍ഷത്തെ ശിക്ഷ അനുഭവിച്ചതിന് ശേഷമായിരുന്നു ജയില്‍ മോചനം.
2014 മാര്‍ച്ചിലായിരുന്നു മുഹമ്മദാലിയെ 15 വര്‍ഷം തടവിനും 27 കോടി പിഴ ശിക്ഷയ്ക്കും മസ്കറ്റിലെ ക്രിമിനല്‍ കോടതി വിധിച്ചത്. ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറായിരിക്കെ, സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പെട്രോളിയം ഡെവലപ്മെന്റ് ഒഫ് ഒമാനുമായുള്ള കരാര്‍ നീട്ടിക്കിട്ടാന്‍ കൈക്കൂലി നല്‍കിയെന്നായിരുന്നു കേസ്. കേസിലെ രണ്ടാം പ്രതിയായിരുന്നു മുഹമ്മദാലി. മുഹമ്മദാലിയെ കൂടാതെ അദ്ദേഹത്തിന്റെ മലയാളിയായ മാനേജര്‍ നൗഷാദ്, ഒന്നാം പ്രതിയായ ഒമാന്‍ പെട്രോളിയം ഡെവലപ്മെന്റ് ടെണ്ടര്‍ മേധാവി ജുമാ അല്‍ ഹിനായിക്കും എന്നിവരേയും കോടതി ശിക്ഷിച്ചിരുന്നു. ആദ്യം മൂന്നു വര്‍ഷമാണ് മുഹമ്മദാലിക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മുഹമ്മദാലി അപ്പീല്‍ നല്‍കിയെങ്കിലും ശിക്ഷ 15 വര്‍ഷമായി കോടതി ഉയര്‍ത്തുകയായിരുന്നു.
ഇതാദ്യമായിട്ടായിരുന്നു ഇന്ത്യാക്കാരനായിരുന്ന വ്യവസായിക്ക് ഗള്‍ഫില്‍ ഇത്രയും വലിയ ശിക്ഷ ലഭിച്ചത്.
Discussion about this post