കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ ജാതിപ്പേര് വിളിച്ചു അധിക്ഷേപിച്ചത് ചോദ്യം ചെയ്തതിന് കണ്ണൂരില്‍ ജയിലിലടക്കപ്പെട്ട ദളിത് യുവതികളില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് ജയില്‍ മോചിതയായ അഞ്ജന രാത്രിയോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
ഐഎന്‍ടിയുസി നേതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില (30), അഞ്ജന(25) എന്നിവരെ, സിപിഎം ബ്രാഞ്ച് ഓഫീസില്‍ കയറി പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന സംഭവത്തിലായിരുന്നു കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തലശേരി പോലീസ് സ്റ്റേഷനില്‍ കേസിനെക്കുറിച്ച് സംസാരിക്കാനാണെന്നു പറഞ്ഞ് രണ്ടു പേരെയും വിളിച്ചുവരുത്തി ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 11നു വൈകുന്നേരം അഞ്ചിനു കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനെത്തിയ അഖിലയെയും അഞ്ജനയെയും ഡിവൈഎഫ്ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിജിലിന്റെ നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവത്രെ. ഇതേത്തുടര്‍ന്ന് ഇരുവരും സിപിഎം ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ കയറി ഷിജിലി(27)നെ അടിക്കുകയും ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തെ മൂന്നു സിപിഎമ്മുകാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post