തലശേരി: കണ്ണൂരില്‍ ജയിലലടയ്ക്കപ്പെട്ട ദളിത് പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയ്ക്കും മറ്റ് സിപിഎം നേതാക്കള്‍ക്കുമെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ അച്ഛന് പൊലീസിനെ സമീപിക്കുന്നു. ജാമ്യം ലഭിച്ച് ജയിലില്‍നിന്ന് പുറത്തിറങ്ങിയശേഷം അഞ്ജന ആത്മഹത്യാശ്രമം നടത്തിയ സംഭവത്തിലാണ് എംഎല്‍എയ്ക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഡിവൈഎഫ്ഐ നേതാവുമായ പി.പി. ദിവ്യയ്ക്കുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെടുന്നത്. ഇതുസംബന്ധിച്ച് പരാതി നല്‍കുമെന്ന അഖിലയുടെയും അഞ്ജനയുടെയും അച്ഛന് രാജന് വ്യക്തമാക്കി.
അറസ്റ്റിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ ഷംസീറും ദിവ്യയും ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കളും സോഷ്യല്‍ മീഡിയ വഴി സിപിഐഎം അനുഭാവികളും അപവാദ പ്രചാരണം നടത്തുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കുക. അറസ്റ്റിനേക്കാള്‍ വേദനിപ്പിച്ചത് പിന്നീടുള്ള ചര്‍ച്ചകളില്‍ തങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ച് നടത്തിയ പരാമര്‍ശങ്ങളാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഷംസീറിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുട്ടിമാക്കൂലിലെ സിപിഐഎം ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നതിനും ആലോചിക്കുന്നുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഷംസീര്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് വിവിധ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.
സിപിഐഎം ഓഫീസില്‍ കയറി ആക്രമിച്ചുവെന്ന പരാതിയില്‍ ദളിത് പെണ്‍കുട്ടികളില്‍ നിന്ന് ഇന്ന് പൊലീസ് മൊഴിയെടുക്കും. ജാതിയതിക്ഷേപം നേരിട്ടതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ച സംഭവത്തില്‍ പട്ടികജാതി കമ്മിഷന് ചെയര്മാന് പിഎന്‍ വിജയകുമാര്‍ നാളെ തലശ്ശേരിയിലെത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും. ജയില്‍ അധികൃതരോടും കളക്ടറോഡും പൊലീസിനോടും കമ്മിഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post