കോഴിക്കോട് : കര്‍ണ്ണാടകയില്‍ നഴ്സിങ് വിദ്യാര്‍ത്ഥി റാഗിങിനിരയായ സംഭവത്തില്‍ രണ്ട് മലയാളി പെണ്‍കുട്ടികള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുല്‍ബര്‍ഗയിലെ സ്വകാര്യ നഴ്സിങ് കോളജ് ഹോസ്റ്റലിലാണ് എടപ്പാള്‍ പുള്ളുവന്‍പടി കളരിയ്ക്കല്‍ പറമ്പില്‍ അശ്വതി (19) റാഗിങിന് ഇരയായത്. ഒന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ത്ഥിനിയായ അശ്വതിയെ റാഗിങ്ങിനെ തുടര്‍ന്ന് സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ലായനി കുടിപ്പിച്ചു എ്ന്നാണ് പരാതി. രക്തം ഛര്‍ദിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കര്‍ണ്ണാടകയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്കിലും പോലീസ് മൊഴിയെടുക്കാന്‍ എത്തുമെന്ന് അറിഞ്ഞ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിച്ചു എന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. ഹോസ്റ്റലില്‍ അവശയായ അശ്വതി സഹപാഠികള്‍ക്കൊപ്പം നാട്ടിലേയ്ക്ക് തിരിയ്ക്കുകയായിരുന്നു. അപ്പോഴേയ്ക്കും വെള്ളംപോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അശ്വതി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയ്ക്ക് നിലവില്‍ ട്യൂബിലൂടെ ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് നല്കിക്കൊണ്ടിരിക്കുന്നത്.
അതേസമയം, പെണ്‍കുട്ടി കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.ആരോപണ വിധേയരായ പെണ്‍കുട്ടികള്‍ അന്നേ ദിവസം കോളേജില്‍ എത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേ സമയം ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇത് നിഷേധിച്ചിട്ടുണ്ട്.തന്നെക്കൊണ്ട് ബാത്ത്റൂം ക്ലീനര്‍ ബലമായി കുടിപ്പിച്ചു എന്ന് പറയുന്ന പെണ്‍കുട്ടികള്‍ അന്നേദിവസം കോളജില്‍ എത്തിയിട്ടില്ലെന്ന വാദം കളവാണെന്നും അവരുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെടുന്നു. രക്തം ഛര്‍ദ്ദിച്ച തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ കോളജ് അധികൃതര്‍ വിസമ്മതിച്ചിരുന്നതായും പെണ്‍കുട്ടി പറയുന്നു. സംഭവം നടന്ന് ഇതുവരെയും കോളജ് അധികൃതര്‍ പെണ്‍കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടിട്ടുണ്ട്.
Discussion about this post