ഭോപ്പാല്‍: വിദേശപര്യടനത്തിലുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയാണെന്ന് കൃത്യമായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു മധ്യപ്രദേശില്‍നിന്നുള്ള ബിജെപി നേതാവ്. മധ്യപ്രദേശ് ബിജെപി വക്താവായ വിജേന്ദ്രസിംഗ് സിസോദിയയാണ് രാഹുലിന്റെ വിദേശത്തെ മേല്‍വിലാസം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുന്നത്.
‘രാഹുലിന്റെ മേല്‍വിലാസം പറയൂ, ഒരുലക്ഷം നേടൂ’ എന്നാണ് മധ്യപ്രദേശ് ഊര്‍ജ വികാസ് നിഗത്തിന്റെ ചെയര്മാന് കൂടിയായ സിസോദിയയുടെ പ്രസ്താവന. സ്വന്തം പോക്കറ്റില്‍നിന്ന് പണം നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 46-ാം ജന്മദിനാഘോഷത്തിനു പിന്നാലെയായിരുന്നു താന്‍ വീണ്ടും വിദേശത്തേക്ക് പോകുകയാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്. എന്നാല്‍ എവിടേക്കാണ് യാത്രയെന്ന് വെളിപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷവും രാഹുല്‍ ഗാന്ധിയുടെ അജ്ഞാതവാസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
2015-ല്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ ഫെബ്രുവരി 20 നാണ് രാഹുല്‍ ഗാന്ധി രണ്ടാഴ്ചത്തെ അവധിയെടുത്തത്. പിന്നീട് പലഘട്ടങ്ങളിലായി അവധി നീട്ടുകയായിരുന്നു. 57 ദിവസത്തെ അജ്ഞാത വാസം കഴിഞ്ഞാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. രാഹുല്‍ വിദേശരാജ്യത്ത് വിപസനധ്യാനം പഠിക്കാന്‍ പോയതാണന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു.
Discussion about this post