ന്യൂജേഴ്‌സി: ശതാബ്ദി കോപ്പയില്‍ അര്‍ജന്റീനയ്ക്ക് വീണ്ടും ഫൈനല്‍ തോല്‍വി. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം തനിയാവര്‍ത്തനമെന്നപോലെ ചിലി നിലനിര്‍ത്തി. നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ രഹിതമായ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2 ന് ചിലി സ്വന്തമാക്കി.
മെസിയും ബഗ്ലിയും പെനാല്‍റ്റി കിക്ക് പാഴാക്കി അര്‍ജന്റീനയുടെ ദുരന്ത നായകന്‍മാരായി. ബ്രസീലിനു ശേഷം കോപ്പ അമേരിക്കയില്‍ കിരീടം നിലനിര്‍ത്തുന്ന രാജ്യമാണ് ചിലി. ദേശീയ ജഴ്‌സിയില്‍ കപ്പ് ഏറ്റുവാങ്ങാന്‍ ഇനിയും മെസിക്ക് കാത്തിപിക്കണമെന്നത് അര്‍ജന്റീനിയന്‍ ആരാധകര്‍ക്കും തിരിച്ചടിയായി.
കഴിഞ്ഞ വര്‍ഷം നടന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലും ചിലിയോട് ഷൂട്ടൗട്ടില്‍ അര്‍ജന്റീന തോറ്റിരുന്നു. രണ്ടുു ചുവപ്പുകാര്‍ഡും അഞ്ചു മഞ്ഞക്കാര്‍ഡും കണ്ട ആദ്യ പകുതിയില്‍ ഇരു ടീമിനും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ചിലിയുടെ മാര്‍സെലോ ഡയസും അര്‍ജന്റീനയുടെ മാര്‍ക്കോ റോഹോയുമാണ് ആദ്യ പകുതിയില്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തുപോയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളൊന്നും നേടാത്തതിനെ തുടര്‍ന്ന് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 28-ാം മിനിറ്റില്‍ ബോക്‌സിന് പുറത്ത് നിന്ന് മെസിയെടുത്ത കിക്ക് പ്രതിരോധ ഭിത്തിയില്‍ തട്ടി പുറത്തു പോയി. ചിലിയന്‍ പ്രതിരോധം ശക്തമാക്കിയതിനെ തുടര്‍ന്ന് അധികസമയവും അവസാനിക്കുകയായിരുന്നു.
Discussion about this post