മാഡ്രിഡ്: ബാഴ്സലോണ ഫുട്ബോള്‍ താരം ലയോണല്‍ മെസിക്ക് തടവുശിക്ഷ. നികുതി വെട്ടിപ്പ് കേസിലാണ് മെസിക്കും മെസിയുടെ അച്ഛനും 21 മാസം സ്പാനിഷ് കോടതി തടവുശിക്ഷ വിധിച്ചത്. 14 കോടി രൂപ പിഴ അടക്കണമെന്നും സ്പാനിഷ് കോടതി പറഞ്ഞു. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ വിടവാങ്ങല്‍ പ്രഖ്യാപിച്ച മെസിക്ക് തിരിച്ചടിയായിരിക്കുകയാണു കോടതിവിധിയും.
താരവും പിതാവ് ജോര്‍ജ് മെസ്സിയും ചേര്‍ന്ന് 40 ലക്ഷം യൂറോയിലധികം നികുതി വെട്ടിച്ചെന്നാണു കേസ്. നികുതിവെട്ടിപ്പു കേസില്‍ തെളിവുകള്‍ സമര്‍പ്പിക്കുന്നതിനായി നേരത്തെ ലയോണല്‍ മെസ്സി കോടതിയില്‍ ഹാജരായിരുന്നു.
അതേസമയം ജയില്‍ശിക്ഷ അനുഭവിക്കുന്നതില്‍ നിന്ന് മെസിക്ക് ഇളവ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2 വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയ്ക്ക് ജെയിലില്‍ പോകേണ്ടെന്നാണ് സ്പാനിഷ് നിയമം. സ്പാനിഷ് സുപ്രീംകോടതിയില്‍ മെസ്സിക്ക് അപ്പീല്‍ നല്‍കാം.
മെസ്സിയുടെ മുന്‍ നികുതി ഉപദേഷ്ടാക്കളും നേരത്തെ താരത്തിനായി കോടതിയില്‍ ഹാജരായിരുന്നു. മെസ്സി തന്റെ സാമ്പത്തിക കാര്യങ്ങള്‍ ഒരിക്കലും സ്വയം കൈകാര്യം ചെയ്തിരുന്നില്ലെന്ന് അവര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പിതാവ് ജോര്‍ജ് മെസ്സിയാണു താരത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നതെന്നും താരത്തിനു സാമ്പത്തികകാര്യങ്ങള്‍ സംബന്ധിച്ച് അറിവില്ലെന്നുമാണ് മെസ്സിയുടെ അഭിഭാഷകര്‍ തുടക്കം മുതല്‍ വാദിച്ചത്. മെസിയെ കൂടാതെ ബാഴ്സലോണയിലെ സഹതാരങ്ങളായ നെയ്മറും മഷറാനോയും നികുതിവെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിരുന്നു.
Discussion about this post