മാഴ്സല്ലെ: യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച് ഫ്രാന്‍സ് ഫൈനലില്‍ കടന്നു. യുവതാരം അന്റോണിയോ ഗ്രിസ്മാന് നേടിയ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് പടയ്ക്ക് വിജയം സമ്മാനിച്ചത്. ഫൈനലില്‍ പോര്‍ച്ചുഗല്‍ ആണ് ഫ്രാന്‍സിന്റെ എതിരാളി.
2014-ല്‍ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടേറ്റ തേല്വിക്കുള്ള പ്രതികാരവുമായാണ് ഫ്രഞ്ച് പട കളത്തിലിറങ്ങിയത്. മത്സരത്തിന്റെ 65 ശതമാനവും ജര്‍മനിയുടെ നിയന്ത്രണത്തിലായിരുന്നു പന്തെങ്കിലും അവരെ ഗോളടിക്കാന്‍ ഫ്രാന്‍സ് പ്രതിരേധനിര അനുവദിച്ചില്ല. മത്സരത്തിന്റെ 47ാം മിനിട്ടില്‍ ഹാന്‍ഡ് ബോളിനെത്തുടര്ന്ന് ജര്‍മനിയുടെ ഷെയ്ന്‍സ്റ്റീഗര്‍ മഞ്ഞക്കാര്‍ഡ് കണ്ടു. തുടര്‍ന്ന് ഫ്രാന്‍സിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുത്ത ഗ്രിസ്മാന് ലക്ഷ്യം പിഴയ്ക്കാതെ പന്ത് വലയിലാക്കുകയായിരുന്നു. രണ്ടാമത്തെ ഗോള്‍ ഗ്രിസ്മാന് നേടിയത് 72ാം മിനിട്ടിലായിരുന്നു.
ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍ നേടിയ ഗ്രിസ്മാന് ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പതു ഗോളുകള്‍ നേടിയ പ്ലാറ്റിനിയാണ് ഗ്രീസ്മാനു മുമ്പിലുള്ളത്.
Discussion about this post