പാരിസ്: യൂറോ കപ്പ് ഫുട്ബോള്‍ കിരീട പോരാട്ടം പോര്‍ച്ചുഗലും ഫ്രാന്‍സും തമ്മില്‍. 24 ടീമുകള്‍ മാറ്റുരച്ച ആദ്യ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ കിരീട നിര്‍ണയം ഞായറാഴ്ച രാത്രിയില്‍. ഫ്രഞ്ച് നഗരിയായ സെന്റ് ഡെനിസിലെ ‘സ്റ്റേഡ് ഡി ഫ്രാന്‍സി’ലെ കിരീടപ്പോരാട്ടത്തിലേക്ക് കണ്‍പാര്‍ത്ത് ഫുട്ബോള്‍ ലോകം. ഞായറാഴ്ച രാത്രി 12.30നാണ് ഫ്രാന്‍സ്-പോര്‍ചുഗല്‍ യൂറോ കപ്പ് ഫൈനല്‍ പോരാട്ടം. യൂറോ ഫൈനല്‍ രണ്ട് ഏഴാം നമ്പര്‍ സൂപ്പര്‍ താരങ്ങളുടെ കൊമ്പുകോര്‍ക്കല്‍ കൂടിയാണ് എന്നു വിശേഷിപ്പിക്കാം. പറങ്കിപ്പടയുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ലെസ് ബ്ലൂസിന്റെ അന്റോണിയെ ഗ്രീസ്മാന്റെയും.
യൂറോ കപ്പില്‍ ഏറ്റവും അധികം ഗോള്‍ അടിച്ച താരമെന്ന റിക്കാര്‍ഡിനൊപ്പമാണ് (ഒമ്പതു ഗോളുമായി ഫ്രാന്‍സിന്റെ മിഷേല്‍ പ്ലാറ്റീനിക്കൊപ്പം) നിലവില്‍ റൊണാള്‍ഡോ. ഫൈനലില്‍ ഗോള്‍ നേടിയാല്‍ റിക്കാര്‍ഡ് സ്വന്തം പേരിലേക്കു മാത്രമായി മാറ്റാം. എന്നാല്‍, ഈ യൂറോ കപ്പില്‍ ഏറ്റവും അധികം ഗോള്‍ അടിച്ച ക്രെഡിറ്റിനായി ഗ്രീസ്മാന് ഒറ്റയ്ക്കു മുന്നേറുകയാണ്. സെമി ഫൈനലില്‍ ജര്‍മനിയെ തകര്‍ത്ത ഇരട്ട ഗോളുള്‍പ്പെടെ ഗ്രീസ്മാന്റെ ബൂട്ടില്‍നിന്ന് ആറു തവണ പന്ത് എതിര്‍വലയില്‍ നൃത്തം വച്ചിട്ടുണ്ട്. സെമിയില്‍ വെയ്ല്‍സിനെതിരേ പോര്‍ച്ചുഗലിന്റെ വിജയം കുറിച്ച സൂപ്പര്‍ ഹെഡര്‍ ഉള്‍പ്പെടെ റൊണാള്‍ഡോ ഇതുവരെ മൂന്നു ഗോളുകള്‍ നേടിയിട്ടുണ്ട്.
Discussion about this post