സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിക്കപ്പെട്ട പുതിയ മമ്മൂട്ടി ചിത്രം ‘കസബ’യുടെ കാര്യത്തില്‍ വനിതാ കമ്മിഷന്റെ ഇടപെടല്‍. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയതിനെതിരേ നടപടിയുണ്ടാവുമെന്ന് സംസ്ഥാന വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി പറഞ്ഞു. ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി പ്രതികരിച്ചു.
ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥയോട് മറ്റൊരു പൊലീസ് ഓഫീസറായ മമ്മൂട്ടി അനാവശ്യമായ അശ്ലീല ഭാഷണം നടത്തുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരേ റാങ്കിലുള്ള ഒരു സ്ത്രീയോടാണ് ഇത്തരത്തിലുള്ള സംസാരം. സ്ത്രീവിരുദ്ധതയോടൊപ്പം പൊലീസ് സേനയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് അത്. മറ്റനേകം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങളുമുണ്ട് ചിത്രത്തില്‍. വിഷയം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
‘ മമ്മൂട്ടി സിനിമയില്‍ എത്തരം സംഭാഷണങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. അദ്ദേഹം ഒരു മുതിര്‍ന്ന നടനും അറിയപ്പെടുന്ന താരവുമാണ്. അദ്ദേഹം അത്തരം അശ്ലീല സംഭാഷണങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു. തിരക്കഥയില്‍ ഉള്ളതായിരിക്കാമെങ്കിലും അദ്ദേഹത്തിന് അത് പറ്റില്ലെന്ന് പറയാമായിരുന്നു.’ വനിതാ കമ്മിഷന് അംഗങ്ങള്‍ ചിത്രം കണ്ട് വിലയിരുത്തിയതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും റോസക്കുട്ടി പറഞ്ഞു.
മമ്മൂട്ടി സഹപ്രവര്‍ത്തകയായ പൊലീസ് ഉദ്യോഗസ്ഥയുടെ അരക്കെട്ടിലെ ബെല്‍റ്റില്‍ കടന്നുപിടിച്ച് അശ്ലീല ഭാഷണം നടത്തുന്ന രംഗമാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചത്.
Discussion about this post