കണ്ണൂര്‍: കശ്മീര്‍ വിഘടനവാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ ഫേയ്‌സ്ബുക്ക് കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനയ്ക്കിടയില്‍ സംഘര്‍ഷം. ഞായറാഴ്ച വൈകുന്നേരം ടൗണ്‍ സ്‌ക്വയറിലാണ് പതിനാറോളം പേര്‍ ഫേയ്‌സ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ ചിത്രരചന സംഘടിപ്പിച്ചത്. ഇതിനു മുന്നോടിയായി ജനങ്ങളെ സംഘടിപ്പിക്കുന്നതിനായി നാടന്‍പാട്ടും മറ്റു കലാപരിപാടികളും ഒരുക്കിയിരുന്നു. ഇതിനിടെ ഇതുവഴിവന്ന പട്ടാളക്കാരനടക്കമുള്ള ചിലര്‍ എന്താണു പരിപാടിയെന്നു തിരക്കി.
കാഷ്മീരിലെ വിഘടനവാദികള്‍ക്കെതിരേ ഇന്ത്യന്‍ പട്ടാളം നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരേ പ്രതികരിക്കുന്നതിനുള്ള ചിത്രരചനയാണ് ഇവിടെ സംഘടിപ്പിച്ചതെന്ന് സംഘം മറുപടി നല്‍കി. എന്നാല്‍ യാതൊരു ബാനറുമില്ലാതെ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കരുതെന്നു പറഞ്ഞ് പട്ടാളക്കാരുള്‍പ്പെടെയുള്ള സംഘം ഫേയ്‌സ്ബുക്ക് കൂട്ടായ്മയ്‌ക്കെതിരേ തിരിഞ്ഞു.
പ്രശ്‌നം കൈയാങ്കളിയിലെത്തിയതോടെ ടൗണ്‍ സ്‌ക്വയറിലെ സെക്യൂരിറ്റി ടൗണ്‍ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ പോലീസെത്തി സംഘത്തിലെ 16 പേരെയും കസ്റ്റഡിയിലെടുക്കുകയും മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു.
Discussion about this post