കൊച്ചി: കഴിഞ്ഞ ദിവസം യുവതി കൊച്ചിയില്‍ നടുറോഡില്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ ഗവണ്മെന്റ് പഌഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരേ യുവതി രഹസ്യമൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. തന്നെ കയറിപ്പിടിച്ചത് ധനേഷാണെന്നും ഇയാളെ കണ്ടാല്‍ ഇനിയും തിരിച്ചറിയുമെന്നും യുവതി വനിതാ മജിസ്ട്രേറ്റിന് നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പുറത്തുവന്നിട്ടുണ്ട്. നടുറോഡില്‍ തന്നെ കയറിപ്പിടിച്ച ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചെന്നും പ്രതിയെ കണ്ടാല്‍ തെരിച്ചറിയാമെന്നും യുവതി പറഞ്ഞു. നേരത്തേ പ്രതിയെ ശരിക്ക് കണ്ടില്ലെന്നായിരുന്നു യുവതി മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്.
മകന് തെറ്റ് ചെയ്തെന്ന് സമ്മതിച്ച് പിതാവ് മുദ്രപ്പത്രത്തില്‍ എഴുതിക്കൊടുത്ത കത്തും യുവതി പുറത്തുവിട്ടു. കേസില്ലെന്നും പിന്മാറുകയാണെന്നുമുള്ള സത്യവാങ്മൂലം നിര്‍ബ്ബന്ധിച്ച് എഴുതിപ്പിച്ചതിന് പകരമായിട്ടാണ് പിതാവ് മകന് കുറ്റക്കാരനാണെന്ന് കാണിച്ച് മുദ്രപ്പത്രം എഴുതി നല്‍കിയത്.
മകനോ സുഹൃത്തുക്കളോ ഇനി ഒരു കുഴപ്പവും ഉണ്ടാക്കില്ലെന്നും മുദ്രപ്പത്രത്തില്‍ പറഞ്ഞിട്ടുണ്ട്. സാക്ഷികളായി ധനേഷിന്റെ അയല്‍വാസികളായ സുഹൃത്തുക്കളും ഒപ്പിട്ടിട്ടുണ്ട്. ധനേഷിനെ അകാരണമായി അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് ഇന്ന് അഭിഭാഷകരുടെ സംഘടന സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരിക്കെയാണ് സംഭവം പുതിയ വഴിത്തിരിവിലേക്ക് നീങ്ങിയത്.
കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ പ്ലീഡറുടെ ഹര്‍ജി ഹൈക്കോടതി തള്ളി
യുവതിയെ കടന്നുപിടിച്ച കേസ് സ്റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ദനേഷ് മാത്യു മാഞ്ഞൂരാന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പൊലീസ് കള്ളക്കേസ് ചുമത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദനേഷ് മാത്യു ഹൈകോടതിയെ സമീപിച്ചത്. പീഡനത്തിന് ഇരയായ യുവതി ഫോണ്‍വഴി ആവശ്യപ്പെട്ട പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയതെന്നും ഈ സാഹചര്യത്തില്‍ പൊലീസ് നടപടി ദുരുദ്ദേശമെന്ന് പറയാനാവില്ലെന്നും ജസ്റ്റിസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. നിയമം പാലിക്കാന്‍ അഭിഭാഷകരടക്കം എല്ലാവരും ബാധ്യസ്ഥരാണെന്നും ജസ്റ്റിസ് സുനില്‍ തോമസ് വ്യക്തമാക്കി. വിശദവാദം കേള്‍ക്കാന്‍ കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റി.
അതേസമയം, ദനേഷ് മാത്യുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്സ് അസോസിയേഷന് നടത്താനിരുന്ന മാര്‍ച്ച് മാറ്റിവെച്ചു. അഡ്വക്കേറ്റ് ജനറലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രതിഷേധ പരിപാടി മാറ്റിവെച്ചത്.
Discussion about this post