കസബ സിനിമയ്ക്കെതിരെ വനിതാ കമ്മീഷന് നോട്ടീസ്. സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് നോട്ടീസ്. രണ്‍ജി പണിക്കരുടെ മകനും സംവിധായകനുമായ നിതിന്‍, നായകന് മമ്മൂട്ടി, നിര്‍മ്മാതാവ് ആലിസ് ജോര്‍ജ്ജ് എന്നിവര്‍ക്കാണ് നോട്ടീസ്. സ്വമേധയാ നടപടിയെടുത്തതാണ് കമ്മീഷന്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
മമ്മൂട്ടി പൊലീസ് വേഷത്തിലെത്തിയ കസബയിലെ അശ്ലീല സംഭാഷണത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷന്‍ കെ സി റോസക്കുട്ടി രംഗത്ത് എത്തിയിരുന്നു. ഇത്തരം സ്ത്രീവിരുദ്ധമായ പരമാര്‍ശങ്ങള്‍ മമ്മൂട്ടിയെ പോലെ അഭിനയരംഗത്ത് ദീര്‍ഘകാലാനുഭവമുള്ള ഒരാള്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് റോസക്കുട്ടി ടീച്ചര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അത്തരം സംഭാഷണങ്ങള്‍ തിരക്കഥയില്‍ ഉണ്ടെങ്കില്‍ തിരുത്താനുളള ആര്‍ജ്ജവം മമ്മൂട്ടിയെ പോലെയുളള ഒരു നടന് കാണിക്കണമായിരുന്നുവെന്നും റോസക്കുട്ടി ടീച്ചര്‍ പറഞ്ഞു.
ചിത്രത്തെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചിത്രം കണ്ട് വിലയിരുത്താന്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് അധ്യക്ഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോട് കൂടിയ ചില സംഭാഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ചില രംഗങ്ങള്‍ അശ്ലീല സ്വഭാവത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഓരോ പത്ത് മിനുട്ട് ഇടവിട്ടും കസബയില്‍ അശ്ലീല സംഭാഷണങ്ങള്‍ കടന്നു വരുന്നുണ്ട്.
Discussion about this post