മീററ്റ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെ ആര്.എസ്.എസ് ആയിരുന്നുവെന്ന് ഹിന്ദു മഹാസഭ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തെറ്റില്ല. നല്ല കാര്യം ചെയ്ത ഗോഡ്സെയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആര്.എസ്.എസ് തള്ളിപ്പറയുന്നത് ശരിയല്ലെന്നും ഹിന്ദു മഹാസഭ പറഞ്ഞു. ഗോഡ്സെ ആര്.എസ്.എസിന്റെയും ഹിന്ദു മഹാസഭയുടെയും അവിഭാജ്യ ഘടകമായിരുന്നു.
ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെ തീരുമാനിച്ച സമയത്ത് ആര്.എസ്.എസും ഹിന്ദു മഹാസഭയും ഒരുമിച്ചുണ്ടായിരുന്നെന്നും ഹിന്ദു മഹാസഭ കൂട്ടിച്ചേര്‍ത്തു. ഗാന്ധിവധം നടന്ന രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആര്.എസ്.എസ് ജവഹര്‍ലാല്‍ നെഹ്റുവിനെ കണ്ട് ഗോഡ്സെയെ തള്ളിപ്പറയുകയും ഹിന്ദു മഹാസഭയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ഗോഡ്സെയെ ഇപ്പോള്‍ ആര്.എസ്.എസ് തള്ളിപ്പറയുന്നതില്‍ സങ്കടമുണ്ടെന്നും ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു. ഗോഡ്സെയെ അംഗീകരിക്കുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹത്തിന്റെ ജന്മദിനം തങ്ങള്‍ ആഘോഷിക്കാറുണ്ടെന്നും സംഘടനയുടെ ദേശീയ പ്രസിഡന്റ് ചന്ദ്ര പ്രകാശ് കൗശിക് പറഞ്ഞു.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്.എസ്.എസ് ആണെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിന്ദു മഹാസഭയുടെ പ്രതികരണം.
Discussion about this post