പെര്‍ത്ത്:പൂള്‍ ബിയില്‍ തുടര്‍ച്ചയായ മൂന്നാം വിജയവുമായി ഇന്ത്യ പോയിന്റ് നിലയില്‍ ഒന്നാമതായി തുടരുന്നു. ഇന്ന് നടന്ന കളിയില്‍ നവാഗതരായ യുഎഇയെ ഇന്ത്യ 9 വിക്കറ്റിന് തോല്‍പിച്ചു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇന്ത്യ ആധികാരികമായാണ് മൂന്നാമത്തെ മത്സരവും ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത യുഎഇ മുന്നോട്ട് വച്ചത് 104 റണ്‍സിന്റെ വിജയലക്ഷ്യം. ഓവറില്‍ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം കണ്ടു. 14 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. രോഹിത് ശര്‍മ്മ(57) കൊഹ്‌ലി(33) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത 31.3 യുഎഇ ഓവറില്‍ 103 റണ്‍സിന് എല്ലാവരും പുറത്തായി. 35റണ്‍സ് എടുത്ത ഷെയ്മാന്‍ അന്‍വര്‍ മാത്രമാണ് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഖുറം ഖാന്‍ 14 റണ്‍സ് നേടി. നാല് റണ്‍സ് വീതം എടുത്ത അംജദ് അലി, ബെരന്‍ജര്‍, മലയാളി താരം കൃഷ്ണ ചന്ദ്രന്‍ എന്നിവരും വേഗത്തില്‍ പുറത്തായി. ഇന്ത്യക്കാരനായ സന്ദീപ് പാട്ടീല്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.
അശ്വിന്‍ നാല് വിക്കറ്റും, രവീന്ദ്ര ജഡേജ,ഉമേഷ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്ക് വച്ചു.
നേരത്തെ പാക്കിസ്ഥാനെയും, ദക്ഷിണാഫ്രിയ്ക്കയെയും ഇന്ത്യ തോല്‍പിച്ചിരുന്നു. തികച്ചും ആധികാരികമായിരുന്നു ഈ രണ്ട് കളികളിലും ഇന്ത്യയുടെ പ്രകടനം. ലോകകപ്പിന് മുന്‍പ് പാടെ പരാജയപ്പെട്ട ബൗളിംഗ് നിരയും ഫോമിലേക്കുയര്‍ന്നു. പരിക്കേറ്റ മുഹമ്മദ് ഷമി ഇന്ന് കളിച്ചില്ല. അടുത്ത വിന്‍ഡിസിനെതിരായ മത്സരത്തില്‍ ഷമി ടീമിലിടം പിടിക്കുമെന്നാണ് കരുതുന്നത്.
Discussion about this post